മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ 60 കാരനെ തലയ്ക്കടിച്ചു കൊന്ന 71 കാരി മൂന്നുമാസത്തിന് ശേഷം അറസ്റ്റില്‍

തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാരനായ 60കാരനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്. നേമത്തെ വാടകവീട്ടില്‍ മൂന്നുമാസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശി അനന്ദകൃഷ്ണപ്രസാദിന്റെ മരണം കൊലപാതകമാണെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന 71 കാരിയായ ശാന്തകുമാരിയെ പോലിസ് അറസ്റ്റ് ചെയ്തു.
തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് അനന്ദകൃഷ്ണപ്രസാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുക്കുകയും ചെയ്തു. വീണുപരിക്കേറ്റതാവാമെന്നാണ് ശാന്തകുമാരി പോലിസിന് മൊഴി നല്‍കിയത്. പിന്നീട് ഇവര്‍ സ്ഥലം വിട്ടു. വിവിധപ്രദേശങ്ങളില്‍ മാറി മാറി താമസിച്ചതിനാല്‍ കണ്ടെത്താനും കഴിഞ്ഞില്ല. അവസാനം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലരാമപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
രണ്ടു പേരും മദ്യപിക്കുന്നവരാണെന്നും തര്‍ക്കം പതിവാണെന്നും അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. വിറകു കഷണമെടുത്ത് ശാന്തകുമാരി അനന്തകൃഷ്ണപ്രസാദിനെ തലയ്ക്കടിച്ചു കൊന്നുവെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.