ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല; നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു: ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍
ട്വിറ്ററില്‍ രാജ്യത്തിനെതിരേ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഡോ. ഖാന്‍ മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: വിദ്വേഷ രാഷ്ട്രീയത്തിനെതിരേ തുടര്‍ന്നും പോരാടുമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍. ട്വിറ്ററില്‍ രാജ്യത്തിനെതിരേ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഡോ. ഖാന്‍ മുന്നോട്ട് വന്നത്.
ട്വീറ്റിന് താന്‍ ക്ഷമ ചോദിക്കുകയും അത് ഇല്ലാതാക്കുകയും ചെയ്തതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്വീറ്റിന് ഞാന്‍ ക്ഷമ ചോദിച്ചിട്ടില്ല, അത് ഇല്ലാതാക്കിയിട്ടില്ല. ട്വീറ്റിലെ പരാമര്‍ശങ്ങളുടെ പേരിലല്ല താന്‍ ക്ഷമ ചോദിച്ചത് മറിച്ച് നമ്മുടെ രാജ്യം നേരിടുന്ന ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയ്ക്കിയില്‍ അനുചിതമായിപ്പോയെന്ന തിരിച്ചറിവിനെതുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഫേസ്ബുക്ക് പേജിലും ട്വീറ്റ് ഇപ്പോഴുമുണ്ട്. മാത്രമല്ല, എന്റെ കാഴ്ചപ്പാടുകള്‍ക്കും ബോധ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം താന്‍ വ്യക്തമാക്കിയതാണ്.
എഫ്ഐആറുകളും അറസ്റ്റുകളും ജയിലുകളും കൊണ്ട് തന്റെ രാജ്യത്തെയും ജനതയെയും ഇന്ത്യന്‍ മതേതര രാഷ്ട്രീയത്തെയും ഭരണഘടനയെയും രക്ഷിക്കാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത ഈ പാതയില്‍നിന്നു മാറ്റാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരേ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.