മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം ഇന്ന്
കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചോടെ കാക്കനാട് അത്താണിയിലെ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക.
കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചോടെ കാക്കനാട് അത്താണിയിലെ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന് എതിരേയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്. ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാന്‍ എംഎല്‍എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ആണ് ബന്ധുക്കളും ട്വന്റി ട്വന്റി ഭാരവാഹികളും ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ വലിയ പോലിസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍.