ശിവ്പുരി: മുത്തച്ഛന്റെ വീട്ടിലേക്കു പോവുകയായിരുന്ന രണ്ടു ദലിത് കുട്ടികളെ മേല്‍ജാതിക്കാരായ സഹോദരങ്ങള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭാവ്‌കേദി ഗ്രാമത്തിലാണ് സംഭവം. റോഷനി(12), അവിനാശ്(11) എന്നിവരെയാണ് അതിക്രൂരമായി തലക്കടിച്ചു കൊന്നത്.
മുത്തച്ഛന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഹാക്കിം സിങ് യാദവ്, രാമേശ്വര്‍ യാദവ് എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് റോഷനിയെയും അവിനാശിനേയും തലക്കടിച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം.
അതേസമയം യാത്രക്കിടെ കുട്ടികള്‍ വഴിയരികില്‍ മലവിസര്‍ജനം നടത്തിയെന്നും ഇതേ തുടര്‍ന്നാണ് കുട്ടികളെ തല്ലിക്കൊന്നതെന്നും റിപോര്‍ട്ടുകളുണ്ട്. കുട്ടികള്‍ മലവിസര്‍ജനം നടത്തിയത് പഞ്ചായത്ത് കെട്ടിടത്തിനു മുന്നിലാണെന്നാരോപിച്ച്, സ്ഥലത്തെത്തിയ സഹോദരങ്ങളായ അക്രമികള്‍ കുട്ടികളെ തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
സംഭവത്തില്‍ കേസെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ശിവ്പുരി പോലിസ് സൂപ്രണ്ട് രാജേഷ് സിങ് ചാന്ദല്‍ പറഞ്ഞു.
ഗ്രാമത്തില്‍ കാലങ്ങളായി തങ്ങള്‍ വലിയ ജാതി വിവേചനമാണ് നേരിടുന്നതെന്നും മേല്‍ജാതിക്കാരുടെ അക്രമം സഹിച്ചാണ് ജീവിക്കുന്നതെന്നും മരിച്ച കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. മേല്‍ജാതിക്കാര്‍ മുഴുവന്‍ വെള്ളമെടുത്ത ശേഷമേ ഗ്രാമത്തിലെ കുടിവെള്ള വിതരണ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ തങ്ങളെ അനുവദിക്കൂ. ഇപ്പോള്‍ കുട്ടികളെ കൊന്നവര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നെ തങ്ങളെ ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വളരെ കുറഞ്ഞ വേതനത്തിനു അവര്‍ക്കായി ജോലി ചെയ്യാന്‍ വിസമ്മതിച്ചതാണ് അന്നത്തെ ആക്രമണത്തിനു കാരണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്കു മുന്നെ ജാര്‍ഖണ്ഡില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഭിന്നശേഷിക്കാരനായ ആദിവാസി യുവാവ് മരിച്ചിരുന്നു.