ദമ്മാമില്‍ കാര്‍ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഹൈദരാബാദ് സ്വദേശികളുമായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഇബ്രാഹീം അസ്ഹര്‍ (16), 11ാം ക്ലാസ് വിദ്യാര്‍ഥി ഹസന്‍ റിയാസ് (18) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മാറി(13)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്മാം ഗവര്‍ണര്‍ ഹൗസിന് സമീപത്തെ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ദാരുണമായ അപകടം നടന്നത്. ഒരേ കെട്ടിടത്തിലെ താമസക്കാരും സുഹൃത്തുക്കളുമായ മൂവരും അമ്മാറിന്റെ പിതാവിന്റെ കാറിലാണ് പുറത്തേക്ക് പോയത്. ഹസന്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഹൈദരാബാദിലെ മൂഹമ്മദ് യൂസുഫ് റിയാസ്-റിസ് വാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസന്‍ റിയാസ്. ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍-സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട മരണത്തെ തുടര്‍ന്ന് ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.