ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് യുഎഇയുടെ വിലക്ക്
ദുബയ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പും ഗോതമ്പ് പൊടിയും വീണ്ടും കയറ്റുമതി ചെയ്യുന്നതിനും പുനര്‍ കയറ്റുമതി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി യുഎഇ. മെയ് 13 മുതല്‍ നാല് മാസത്തേക്കാ് യുഎഇ ധനകാര്യ മന്ത്രാലയത്തിന്റേതാണ് വിലക്ക്. ഫ്രീ സോണുകളില്‍ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ബാധകമാണ്. അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.
ഗോതമ്പ് മാവ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധനം. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്കുള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ച്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും അറിയിച്ചിട്ടുണ്ട്.
മെയ് 13ന് മുമ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ രാജ്യത്തുനിന്ന് പുറത്തേക്ക് കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യണമെങ്കില്‍ അതത് സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന തിയ്യതികള്‍ ഉള്‍പ്പെടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. അതേസമയം, ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതല്ലാത്ത ഗോതമ്പോ ഗോതമ്പ് ഉല്‍പ്പന്നങ്ങളോ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ നല്‍കി കയറ്റുമതിക്കുള്ള അനുമതി വാങ്ങാം.
എന്നാല്‍, ഈ ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നതിന്റെ രേഖകളും അവ എത്തിച്ചതിന്റെ വിശദാംശങ്ങളും ഹാജരാക്കണം. antidumping@economy.ae എന്ന വിലാസത്തില്‍ ഇ- മെയിലിലൂടെയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയം ആസ്ഥാനത്തെത്തി നേരിട്ടോ അപേക്ഷ നല്‍കാം. ഇത്തരത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ മാത്രം കാലാവധിയേ ഉണ്ടാവൂ എന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യ നേരത്തെ തന്നെ ഗോതമ്പ് കയറ്റുമതി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, യുഎഇ അടക്കമുള്ള കരാറുകളുള്ള ചില രാജ്യങ്ങളിലേക്ക് ഇന്ത്യ ഗോതമ്പ് കയറ്റി അയക്കുന്നുണ്ട്.