ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; ഇടതിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന് ആറ് സീറ്റ് നഷ്ടമായി. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരെണ്ണം എന്‍ഡിഎയും പിടിച്ചെടുത്തു. എല്‍ഡിഎഫ് 14, യുഡിഎഫ്-12, എന്‍ഡിഎ രണ്ട് സീറ്റുകള്‍ നേടി. എല്‍ഡിഎഫ് 13 സീറ്റുകള്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കോട്ടയം എരുമേലി പഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമാവും. കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇതോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി.
കൊല്ലം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും കോര്‍പറേഷനിലെ മൂന്നാം ഡിവിഷന്‍ യുഡിഎഫും പിടിച്ചെടുത്തു. കോര്‍പറേഷന്‍ മൂന്നാം ഡിവിഷന്‍ മീനത്തുചേരിയില്‍ 66.43 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 3611 പേര്‍ വോട്ട് ചെയ്തു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുന്നിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. ഇടമുളയ്ക്കല്‍ നാലാംവാര്‍ഡ് തേവര്‍തോട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി 262 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 80.16 ശതമാനം പേര്‍ വോട്ടു ചെയ്തു. ആകെ പോള്‍ ചെയ്തത് 1188 പേര്‍. കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. തൃത്താല പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.
കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ സി അജിത 189 വോട്ടിന് വിജയിച്ചു. മയ്യില്‍ പഞ്ചായത്ത് എട്ടാം വാര്‍ഡായ വള്ളിയോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി രാജന്‍ വിജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മേല്‍മുരിങ്ങോടി സിപിഎം നിലനിര്‍ത്തി.
ആലപ്പുഴ എടത്വ ഗ്രാമപ്പഞ്ചായത്തിലെ തായങ്കരി വെസ്റ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് വിനീത ജോസഫിന്റെ ജയം. എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തില്‍ എല്‍.ഡി എഫിന്റെ എം കെ ശശിധരന്‍ സീറ്റ് നിലനിര്‍ത്തി. എറണാകുളം പോത്താനിക്കാട്, കൊല്ലം വിളക്കുടി, ഇടമുളയ്ക്കല്‍, പേരാവൂര്‍, എടത്വ, കോട്ടയം വെളിയന്നൂര്‍, പാലക്കാട് കടമ്പഴിപ്പുറം എന്നി വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് ആനക്കര ഏഴാംവാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മില്‍ നിന്ന് കല്ലൂപ്പാറ അമ്പാട്ടുഭാഗം വാര്‍ഡ് എന്‍ഡിഎ പിടിച്ചെടുത്തു. തണ്ണീര്‍മുക്കം വാര്‍ഡ്് ബിജെപി നിലനിര്‍ത്തി.