യുഡിഎഫിനെ ചലിപ്പിച്ചത് ജമാഅത്തും എസ്ഡിപിഐയും: എ കെ ബാലന്‍

Update: 2024-06-04 14:47 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തോല്‍വിയുണ്ടായതിനു പിന്നാലെ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സംഘടനയെ ചലിപ്പിച്ചത് കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ അല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയും എസ് ഡിപിഐയുമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സംഘടനയെ ചലിപ്പിച്ചത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ അല്ല. അതിന്റെ പിന്നില്‍ വലിയ ശക്തിയുണ്ട്. അത് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമാണ്. ഇതിന് കുറച്ചുകാണേണ്ട. അതിന്റെ ആപത്ത് അവര്‍ മനസ്സിലാക്കാന്‍ പോവുന്നതേയുള്ളൂ. അത് കേരളത്തിലെ പൊതുമണ്ഡലത്തില്‍ ഉണ്ടാക്കാന്‍ പോവുന്ന അപകടകരമായ ഒരു സൂചനയുടെ ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. എല്‍ഡിഎഫ് വിജയം മുന്നില്‍ കണ്ട് എല്ലാവഴിവിട്ട മാര്‍ഗങ്ങളും യുഡിഎഫ് സ്വീകരിച്ചു. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമിയും മറ്റൊരു ഭാഗത്ത് എസ്ഡിപിഐയുമായിരുന്നുവെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതേസമയം 2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പരാജയം നേരിട്ടപ്പോള്‍ വിലയിരുത്തല്‍ നടത്തി. ഒന്നര വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം വരുത്തി. അതോടെ പാര്‍ട്ടിയുടെ ജനകീയ സ്വാധീനത്തില്‍ മാറ്റം വന്നു. അതുപോലെ ഈ തിരഞ്ഞെടുപ്പിലുണ്ടായ അനുഭവം പാര്‍ട്ടി പരിശോധിക്കും. ഇടതുപക്ഷത്തെ ചില വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് വേണ്ടത്ര പിന്തുണയുണ്ടായില്ല. എന്നാല്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News