പി സി ജോര്‍ജ്ജിനെ തള്ളാനും കൊള്ളാനുമാവാതെ യുഡിഎഫ്; പ്രതിസന്ധി രൂക്ഷം
പി സി ജോര്‍ജ്ജിന്റെ തട്ടകമായ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും യുഡിഎഫ് സംവിധാനങ്ങള്‍ ഒന്നാകെ കടുത്ത എതിര്‍പ്പിലാണ്. സംസ്ഥാന നേതൃത്വം താല്‍പര്യമെടുത്ത് ജോര്‍ജ്ജിനെ മുന്നണിയിലെടുത്താലും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നാണ് മണ്ഡലത്തിലെ ലീഗ്, കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
പി സി അബ്ദുല്ല
കോട്ടയം: പി സി ജോര്‍ജ്ജ് വീണ്ടും യുഡിഎഫിന് കീറാമുട്ടിയാവുന്നു. ജോര്‍ജ്ജിനെ മുന്നണിയിലെടുക്കുന്നതിനെതിരേ പൂഞ്ഞാറിലെ യുഡിഎഫ് പ്രാദേശിക ഘടകങ്ങള്‍ ഒന്നടങ്കം മുന്നോട്ട് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ജോര്‍ജ്ജിന്റെ വരവ് മധ്യകേരളത്തില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ നിലപാട്. ഉമ്മന്‍ ചാണ്ടിയും ലീഗും ചെന്നിത്തലയുടെ നിലപാടിനെ അംഗീകരിക്കുന്നുണ്ടെങ്കിലും പരസ്യമായി നയം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പി സി ജോര്‍ജ്ജിന്റെ തട്ടകമായ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും യുഡിഎഫ് സംവിധാനങ്ങള്‍ ഒന്നാകെ കടുത്ത എതിര്‍പ്പിലാണ്. സംസ്ഥാന നേതൃത്വം താല്‍പര്യമെടുത്ത് ജോര്‍ജ്ജിനെ മുന്നണിയിലെടുത്താലും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നാണ് മണ്ഡലത്തിലെ ലീഗ്, കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
എന്തു രാഷ്ട്രീയ നേട്ടത്തിന്റെ പേരിലായാലും പി സി ജോര്‍ജ്ജിനെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് പൂഞ്ഞാര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അമീന്‍ പിട്ടായില്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണവും അതേ സ്വരത്തിലാണ്.
മുന്നണി പ്രവേശനത്തിലുള്ള എതിര്‍പ്പുകള്‍ കടുത്തതോടെ പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ പി സി ജോര്‍ജ്ജ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിലുള്‍പ്പെടെ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ട് ഒരു വര്‍ഷത്തിനിടെ ജോര്‍ജ്ജ് നടത്തിയ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ജോര്‍ജ്ജിനെ തന്നെ തിരിഞ്ഞു കൊത്തുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്‌ലിംകള്‍ക്കെതിരേ ജോര്‍ജ് തീവ്ര വര്‍ഗീയ പരാമര്‍ശമാണ് നടത്തിയത്. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്‌ലിം സമുദായത്തിന്റെ വോട്ടു വേണ്ടെന്നായിരുന്നു ജോര്‍ജിന്റെ വാക്കുകള്‍. ആ പരാമര്‍ശം പുറത്തു വന്നതു മുതല്‍ മണ്ഡലത്തില്‍ ജോര്‍ജ്ജ് ബഹിഷ്‌കരണം നേരിടുകയാണ്.
2020 ഒക്ടോബറില്‍ നടന്ന കത്തോലിക്കാ സഭയുടെ ഒരു പരിപാടിയില്‍ ജോര്‍ജ് മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. 14 ജില്ലകളില്‍ ഏഴിലും മുസ്‌ലിം സമുദായത്തില്‍പ്പെട്ട ജില്ലാ കലക്ടര്‍മാരാണെ നുണ തട്ടി വിട്ടതിനു പുറമെ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും മന്ത്രിമാരുടെ ഓഫിസുകളും മുസ്‌ലിം സമുദായം കൈയടക്കിയിരിക്കുകയാണെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.
എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ബി ഇഖ്ബാലിന് പകരം സിറിയക് തോമസിനെ നിമയമിച്ചത് തന്റെ പിടിവാശിയായിരുന്നെന്നും ജോര്‍ജ് പറയുകയുണ്ടായി.
മുസ്‌ലിംകള്‍ക്കെതിരേ അവസരം കിട്ടുമ്പോഴെല്ലാം വര്‍ഗീയ പരാമര്‍ശം നടത്തുന്ന സമീപനമാണ് അടുത്തിടെ ജോര്‍ജ്ജില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം കാരണമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.
യുഡിഎഫിനോട് അടുക്കുമ്പോള്‍ തന്റെ പഴയ വാക്കുകള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ജോര്‍ജ് ഇപ്പോള്‍ മാപ്പുമായി രംഗത്തെത്തിയത്. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമോ എന്ന കാര്യത്തില്‍ അടുത്തദിവസം ചര്‍ച്ച നടക്കാനിരിക്കെയാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ ക്ഷമാപണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ വ്യക്തിയാണ് പിസി ജോര്‍ജ്. പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി നല്‍കുന്നത് പതിവാക്കിയതോടെ ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്നും പിന്നീട് യുഡിഎഫില്‍ നിന്നും പുറത്താക്കുകയായിരുന്നു.