ചെന്നൈ: ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവിയിലേക്ക്. ആഗസ്ത് 22ന് മുമ്പ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനാണ് സംസ്ഥാന കായികയുവജന ക്ഷേമ മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എംകെ സ്റ്റാലിനും സമാനമായ രീതിയില്‍ നേരത്തേ ഉപമുഖ്യമന്ത്രി പദവിയിലെത്തിയിരുന്നു. 2006-11 കാലയളവില്‍ അന്നത്തെ മുഖ്യമന്ത്രിയായ എം കരുണാനിധിയാണ് മകന്‍ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പാര്‍ട്ടിയിലും സര്‍ക്കാരിലും ഉദയനിധി സ്റ്റാലിനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയാണ് സ്റ്റാലിന്‍. മാത്രമല്ല, തമിഴ് സൂപര്‍ താരം വിജയ് പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാവുന്നതിനിടെ ഡിഎംകെയും യുവജന നേതൃത്വത്തിലേക്ക് നീങ്ങുകയാണെന്നും റിപോര്‍ട്ടുകളുണ്ട്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ എം കെ സ്റ്റാലിന്‍ നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ആഗസ്ത് 22ന് യുഎസിലേക്ക് പോവുന്നതിനാല്‍ അതിന് മുമ്പ് ഉദയനിധിയെ നിയമിക്കുമെന്നാണ് റിപോര്‍ട്ട്.