അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ഉഗാണ്ടന്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍

Update: 2025-04-10 06:59 GMT
അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ഉഗാണ്ടന്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍

അരീക്കോട്: മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയും ഉഗാണ്ട സ്വദേശിനിയുമായ നാകുബുറെ ടിയോപിസ്റ്റ (30) അറസ്റ്റില്‍. ഇന്നലെ വൈകീട്ട് ബാംഗ്ലൂര്‍ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.

ലഹരിക്കേസില്‍ അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസിസ് എന്ന അസീസ്(43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ലഹരി മരുന്ന് വില്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് ലഹരി മരുന്ന് നല്കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരേയും പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉഗാണ്ട സ്വദേശിനിയും പിടിയിലായിരിക്കുന്നത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്ത്, എസ്‌ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്മണ്യന്‍, സബീഷ്, അബ്ദുള്ള ,ബാബു, അരീക്കോട് സ്‌റ്റേഷനിലെ ലിജീഷ്, അനില എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Similar News