റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടു; കണക്കുകള്‍ പുറത്തുവിട്ട് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം

Update: 2022-03-20 18:02 GMT

കീവ്: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് റഷ്യന്‍ സൈന്യത്തിന് യുക്രെയ്‌നില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്. 14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ വിവിധ തരത്തിലുള്ള 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി 'യുക്രെയ്‌നിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം' എന്ന തലക്കെട്ടോടെ യുക്രെയ്ന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

യുക്രേനിയന്‍- റഷ്യന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ മുന്‍നിര മരവിച്ചിരിക്കുന്നു. അവര്‍ക്ക് കൂടുതല്‍ മുന്നേറാന്‍ മതിയായ പോരാട്ട വീര്യമില്ല. കഴിഞ്ഞ ദിവസം യുക്രേനിയന്‍ നഗരങ്ങളില്‍ റോക്കറ്റ് ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല- യുക്രേനിയന്‍ പ്രസിഡന്റ് വഌദിമിര്‍ ഒലെക്‌സി അരെസ്‌റ്റോവിച്ച് സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം, യുക്രേനിയന്‍ നഗരങ്ങള്‍ക്കെതിരേ 'കിന്‍സാല്‍' ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ച് ഓരോ ദിവസം കഴിയുന്തോറും റഷ്യ പീരങ്കി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

സമാധാനം നിലനില്‍ക്കുന്ന നഗരങ്ങള്‍ക്കെതിരേ കിന്‍സാല്‍ & ബാഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു- പ്രസിഡന്റിന്റെ ഓഫിസിലെ ഉപദേശകനായ മൈഖൈലോ പോഡോലിയാക് ട്വിറ്ററില്‍ പറഞ്ഞു. 400 പേര്‍ അഭയം പ്രാപിച്ച മരിയോപോള്‍ ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ല.

കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് മരിയോപോള്‍ നിവാസികള്‍ റഷ്യന്‍ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടതായി സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു. തുറമുഖ നഗരമായ മരിയോപോളില്‍ റഷ്യ നടത്തിയ ഉപരോധം 'വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മിക്കപ്പെടാവുന്ന ഒരു ഭീകരതയാണ്' എന്ന് സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം നാലാമത്തെ ആഴ്ചയിലായി. റഷ്യയുടെ 'വിനാശകരമായ' യുദ്ധം കാരണം പത്ത് ദശലക്ഷം ആളുകള്‍ ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതല്‍ ഇപ്പോള്‍ യുക്രെയ്‌നിലെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ പറഞ്ഞു.

Tags:    

Similar News