ഹുര്‍റിയത്ത് നേതാവ് ശെറായിയുടെ കസ്റ്റഡി കൊലപാതകം; അന്വേഷണമാവശ്യപ്പെട്ട് യുഎന്‍ വിദഗ്ധ സംഘം

വിവാദമായ പൊതുസുരക്ഷ നിയമപ്രകാരം തടങ്കലില്‍ കഴിയവെ കഴിഞ്ഞ മെയിലാണ് ജമ്മുവിലെ ഒരു ആശുപത്രിയില്‍ വച്ച് ശെറായി മരണത്തിന് കീഴടങ്ങിയത്.

Update: 2021-09-13 13:56 GMT

ന്യൂഡല്‍ഹി: ഹുര്‍റിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് ശെറായിയുടെ പോലിസ് കസ്റ്റഡിയിലെ പീഡനവും തുടര്‍ന്നുള്ള മരണവും സംബന്ധിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. വിവാദമായ പൊതുസുരക്ഷ നിയമപ്രകാരം തടങ്കലില്‍ കഴിയവെ കഴിഞ്ഞ മെയിലാണ് ജമ്മുവിലെ ഒരു ആശുപത്രിയില്‍ വച്ച് ശെറായി മരണത്തിന് കീഴടങ്ങിയത്. ശെറായിയുടെ കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് സംഭവത്തെക്കുറിച്ച് പഠിക്കാന്‍ യുഎന്‍ നിയോഗിച്ച നാലംഗ സംഘം ആവശ്യപ്പെട്ടു.

അതിനിടെ, ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്താരാഷ്ട്ര മനുഷ്യാവകാശ ഫെഡറേഷന്‍ (എഫ്‌ഐഡിഎച്ച്) ആശങ്ക അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധയുമായി തീര്‍ത്തും ഒത്തു പോവാത്ത ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ അരങ്ങേറിയതെന്നും സംഘടന കുറ്റപ്പെടുത്തി. കൂടാതെ, ഗീലാനിയുടെ കുടുംബത്തിന് നേരെയുള്ള പീഡനം അവസാനിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കശ്മീര്‍ സംഘടനകളുടെ കൂട്ടായ്മയായ ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ഗീലാനിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ഉന്നത നേതാവായിരുന്നു 77കാരനായ ശെറായി. ശ്രീനഗറിലെ രക്തസാക്ഷി ശ്മശാനത്തില്‍ അടയ്ക്കണമെന്ന ഒസ്യത്ത് തള്ളി കുപ്‌വാര ജില്ലയിലെ അദ്ദേഹത്തിന്റെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ ശെറായിയെ ഖബറടക്കാന്‍ കുടുംബത്തിനു മേല്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തി. കൂടാതെ, ഖബറടക്കത്തിനു ശേഷം അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളെ 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ആരോപിച്ച് ഭീകര വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News