പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂള്‍ തുറക്കാനൊരുങ്ങി താലിബാന്‍
ഏഴാം ക്ലാസ് മുതലുള്ള എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹൈസ്‌കൂള്‍ തുറക്കാനൊരുങ്ങി താലിബാന്‍. നാളെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം. ഏഴാം ക്ലാസ് മുതലുള്ള എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
താലിബാന്‍ നീക്കത്തെ യുഎന്‍ പ്രശംസിച്ചു. ഏഴു മാസം മുമ്പ് താലിബാന്‍ പോരാളികള്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം, സാമ്പത്തിക ഞെരുക്കവും സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി ആണ്‍കുട്ടികളെ ക്ലാസ് മുറിയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും മിക്ക അഫ്ഗാന്‍ പ്രവിശ്യകളിലും പെണ്‍കുട്ടികളെ അതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്നപ്പോള്‍ ചെയ്തതുപോലെ രാജ്യത്തെ പുതിയ ഭരണാധികാരികളും സ്ത്രീകളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും ജോലി ചെയ്യുന്നതില്‍നിന്നും വീണ്ടും വിലക്കുമെന്ന ഭയത്തിന് ഈ നിയന്ത്രണങ്ങള്‍ കാരണമായിരുന്നു.
'മാര്‍ച്ച് 22ന് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ താലിബാന്‍ പ്രഖ്യാപിച്ച പദ്ധതിയെ താന്‍ സ്വാഗതം ചെയ്യുന്നു, അത് ഇപ്പോള്‍ അംഗീകാരം നല്‍കുകയും നടപ്പിലാക്കുകയും വേണം,' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം രാജ്യത്ത് സ്‌കൂളുകളൊന്നും അടയ്ക്കില്ലെന്നും ശൈത്യകാല അവധി അവസാനിക്കുന്ന മുറയ്ക്ക് എല്ലാ സ്‌കൂളുകളും അടുത്ത ആഴ്ച മുതല്‍ വീണ്ടും തുറക്കുമെന്നും താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
'വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതുപോലെ, സ്‌കൂളുകള്‍ തുറക്കും'- മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ സുഹൈല്‍ ഷഹീന്‍ അറിയിച്ചു. യുഎന്നിലെ താലിബാന്റെ സ്ഥിരം അംബാസഡറാണ് ഷഹീന്‍.
കഴിഞ്ഞ ആഗസ്തില്‍ അധികാരത്തിലേറിയതിനു ശേഷം ഇത്തവണ അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്തമായി ഭരിക്കുമെന്നും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും പ്രവേശനം നല്‍കുമെന്നും താലിബാന്‍ ആഗോള സമൂഹത്തിന് ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിരുന്നു.
ആ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, എല്ലാവരേയും ഉള്‍കൊള്ളാന്‍ പ്രാപ്തിയില്ലെന്ന് കുറ്റപ്പെടുത്തി ആഗോള സമൂഹം കാബൂളിലെ താലിബാന്‍ ഗവണ്‍മെന്റിനെ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.