ഗസയിലെ ഇസ്രായേല്‍ ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന്‍ പ്രത്യേക പ്രതിനിധി
ഫലസ്തീനികള്‍ എവിടെയായിരുന്നാലും അവരുടെ ആരോഗ്യം സുരക്ഷിതമാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഉപരോധം പിന്‍വലിക്കുകയും സഹായം അനുവദിക്കുകയുമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
റാമല്ല: ഗസ മുനമ്പിലെ ഇസ്രായേല്‍ വ്യോമാക്രമണം 'നിയമവിരുദ്ധവും നിരുത്തരവാദപരവുമാണെന്നും' വെള്ളിയാഴ്ച ഗസാ മുനമ്പില്‍ ഇസ്രായേല്‍ ആരംഭിച്ച ഏറ്റവും പുതിയ അക്രമത്തിന് നയതന്ത്രപരമായ പരിഹാരം കാണണമെന്നും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബനെസ്. 'മാനുഷിക ദുരന്തത്തിന്റെ വക്കി'ലാണ് ഗസയെന്നും അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.
ഫലസ്തീനികള്‍ എവിടെയായിരുന്നാലും അവരുടെ ആരോഗ്യം സുരക്ഷിതമാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഉപരോധം പിന്‍വലിക്കുകയും സഹായം അനുവദിക്കുകയുമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അമേരിക്കന്‍ നിലപാടിനെതിരേയും അദ്ദേഹം പൊട്ടിത്തെറിച്ചു. 'ഈ സംഘര്‍ഷത്തില്‍ തങ്ങള്‍ സ്വയം പ്രതിരോധിക്കുകയാണെന്ന് ഇസ്രായേലിന് അവകാശപ്പെടാനാവില്ല' എന്ന് അല്‍ബനെസ് ചൂണ്ടിക്കാട്ടി.
'സ്വയം സംരക്ഷിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് അമേരിക്ക ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങള്‍ വിവിധ കക്ഷികളുമായി ഇടപഴകുകയും എല്ലാ കക്ഷികളോടും ശാന്തത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു'- ഇസ്രായേലിലെ യുഎസ് അംബാസഡര്‍ ടോം നൈഡ്‌സ് വെള്ളിയാഴ്ച ട്വിറ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ആവര്‍ത്തിച്ചു.യുണൈറ്റഡ് കിംഗ്ഡം 'ഇസ്രായേലിനൊപ്പവും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനൊപ്പം നില്‍ക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം.വെള്ളിയാഴ്ച മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ 31 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വരെ ഇസ്രായേല്‍ ഭാഗത്ത് ഗുരുതരമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.