അഷ്‌റഫിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം: യുണൈറ്റഡ് സിറ്റിസണ്‍സ് ഫോറം

ഉള്ളാള്‍: വയനാട് സ്വദേശി അഷ്‌റഫിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യുണൈറ്റഡ് സിറ്റിസണ്‍സ് ഫോറം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തില്‍ നിന്നുള്ളയാണ് കൊല്ലപ്പെട്ട അഷ്‌റഫ്. അതിനാല്‍ വിഷയത്തില്‍ കര്‍ശനമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അഷ്‌റഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും യുണൈറ്റഡ് സിറ്റിസണ്‍സ് ഫോറം ഉള്ളാള്‍ താലൂക്ക് പ്രസിഡന്റ് യു അബ്ദുള്‍ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉഡുപ്പി-മംഗലാപുരം പ്രദേശത്ത ജനതയെ നാണക്കേടിലാഴ്ത്തിയ സംഭവമാണ് നടന്നിരിക്കുന്നത്. നായ്ക്കള്‍ കടികൂടുമ്പോള്‍ പോലും ആളുകള്‍ അവയെ പിരിക്കും. പക്ഷേ, ഇവിടെ ഒരു മനുഷ്യനെ ആക്രമിച്ചിട്ടും ആരും തടയാന്‍ ശ്രമിച്ചില്ല. ആള്‍ക്കൂട്ടം കാര്യങ്ങള്‍ തീരുമാനിക്കുന്ന പ്രവണത ജില്ലയിലുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് അത്തരം സംഭവങ്ങള്‍ക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.