അന്യായ ജപ്തി: ഇടതുസര്‍ക്കാരിന്റെ ബുള്‍ഡോസര്‍രാജിനെതിരേ ജനുവരി 25ന് എസ്ഡിപിഐ പ്രതിഷേധ സംഗമം
തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതുസര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ ജനുവരി 25 ന് സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 10 ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഹര്‍ത്താലിന്റെ നഷ്ടം ഈടാക്കാനെന്ന പേരില്‍ നിരപരാധികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനു സമാനമാണ്.
ഇടതുസര്‍ക്കാരിന്റെ അനാസ്ഥയാണ് ജപ്തിയുള്‍പ്പെടെയുള്ള ഗുരുതര സാഹചര്യം സൃഷ്ടിച്ചത്. നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തത്തുല്യമായ തുക കോടതിയില്‍ കെട്ടിവച്ചാണ് ജാമ്യം നേടിയതെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് കോടതി എത്തിച്ചേര്‍ന്നത്. ഇത് പ്രതിധിഷേധാര്‍ഹമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം സംസാരിച്ചു.