യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപിയും ബിഎസ്പിയും, ആദിത്യനാഥ് ഗോരഖ്പൂരില്‍ മല്‍സരിക്കും

95 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പാര്‍ട്ടി പുറത്തുവിട്ടത്.

Update: 2022-01-15 08:18 GMT

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ഭരണകക്ഷിയായ ബിജെപിയും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യും. 95 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പാര്‍ട്ടി പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ സിറ്റിയില്‍ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ്‌രാജിലെ സിറാത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

ആദ്യഘട്ടത്തില്‍ 57/58 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 38/55 സീറ്റുകളിലേക്കും ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കുകയാണ്. ഈ യോഗത്തിലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിശ്ചയിച്ചത്.

ഉത്തര്‍പ്രദേശിലെ 53 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിഎസ്പി പുറത്തിറക്കിയത്. 'ആദ്യ പട്ടികയില്‍ 53 സീറ്റുകളില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു, ബാക്കി 5 എണ്ണം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുറത്തിറക്കും'- ബിഎസ്പി അധ്യക്ഷ മായാവതി ശനിയാഴ്ച ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. 11 ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 10ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മായാവതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.

Tags:    

Similar News