യുപി മുഖ്യമന്ത്രി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി; മോദിയുടെ വീട് പൊളിക്കലിനെതിരേ ആഞ്ഞടിച്ച് ഉവൈസി
'യുപി മുഖ്യമന്ത്രി അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരിക്കുകയാണ്. അദ്ദേഹം ആരെയെങ്കിലും കുറ്റക്കാരനാക്കി അവരുടെ വീടുകള്‍ തകര്‍ക്കുമോ'?- ഗുജറാത്തിലെ കച്ചില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഉവൈസി ചോദിച്ചു.
കച്ച്: പ്രയാഗ്‌രാജ് അക്രമത്തിലെ മുഖ്യപ്രതിയെന്ന് ആരോപിച്ച് ജാവേദ് അഹമ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.
'യുപി മുഖ്യമന്ത്രി അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരിക്കുകയാണ്. അദ്ദേഹം ആരെയെങ്കിലും കുറ്റക്കാരനാക്കി അവരുടെ വീടുകള്‍ തകര്‍ക്കുമോ'?- ഗുജറാത്തിലെ കച്ചില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഉവൈസി ചോദിച്ചു.
ജൂണ്‍ 10ന് പ്രയാഗ്‌രാജില്‍ നടന്ന അക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാരോപിച്ച് ജാവേദ് അഹമ്മദിന്റെ വീട് കനത്ത പോലീസ് വിന്യാസത്തിനിടയില്‍ ഞായറാഴ്ച പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഡിഎ) തകര്‍ത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും ആക്ടിവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെ പിതാവുമാണ് ജാവേദ് അഹമ്മദ്.
കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന്റെ വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഫാത്തിമ പങ്കാളിയായിരുന്നു. ഈ ആഴ്ചയിലെ അക്രമത്തില്‍ അവളുടെ പങ്കും അന്വേഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. ഗ്രൗണ്ടിലും ഒന്നാം നിലയിലും അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് ഇയാളുടെ വീടിന് പുറത്ത് നോട്ടീസ് പതിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട് തകര്‍ത്തത്. മെയ് മാസത്തില്‍ തനിക്ക് അയച്ച പൊളിക്കല്‍ ഉത്തരവിന് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടതായും നോട്ടിസില്‍ അവകാശപ്പെട്ടു.
പ്രതിയുടെ വീട്ടില്‍ അനധികൃത ആയുധങ്ങളും ആക്ഷേപകരമായ പോസ്റ്ററുകളും ഉണ്ടായിരുന്നതായി പോലിസ് അവകാശപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകര്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. അധികാരികള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും പൊളിച്ചത് നിയമവിരുദ്ധമാണെന്നും പൊളിച്ച വീടിന്റെ ഉടമ ജാവേദ് അല്ലെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഭാര്യയുടെ പേരിലാണ് വീടെന്നും അഭിഭാഷകര്‍ പറഞ്ഞു.