പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരേ എന്‍എസ്എ ചുമത്തി
ലഖ്‌നോ: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ചുമത്തി. പ്രവാചകനിന്ദയ്‌ക്കെതിരായ പ്രയാഗ്‌രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദാണെന്ന് ആരോപിച്ച് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ഉത്തര്‍പ്രദേശ് പോലിസ് എന്‍എസ്എ നിയമപ്രകാരവും കേസെടുത്തത്. എന്നാല്‍, കേസില്‍ ജാവേദ് മുഹമ്മദിനെതിരേ തെളിവ് ലഭിക്കാത്തത് കാരണമാണ് പുതിയ വകുപ്പുകള്‍ ചുമത്തുന്നതെന്ന് അഭിഭാഷകനായ കെ കെ റോയ് പറഞ്ഞു.
'എന്‍എസ്എ ചുമത്തിയെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് ഞങ്ങള്‍ക്ക് ഇതുവരെ രേഖകള്‍ ലഭിച്ചിട്ടില്ല. ജാവേദ് അക്രമത്തില്‍ പങ്കാളിയാണെന്നും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചെന്നുമുള്ള ഒരു തെളിവും പോലിസിന് കിട്ടിയില്ല. അതിനാലാണ് പുതിയ കുറ്റം ചുമത്തുന്നതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്‍എസ്എ പ്രകാരം കേസെടുത്താല്‍ 12 മാസം വരെ ജയിലില്‍ അടയ്ക്കാന്‍ കഴിയും. അസ്വസ്ഥതയോ ക്രമസമാധാനം തകര്‍ക്കാനുള്ള ഉദ്ദേശമോ എന്‍എസ്എ ചുമത്തുന്നതിന് നിര്‍ണായക ഘടകങ്ങളാണ്.
എന്നാല്‍, പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാണ് ജാവേദ് മുഹമ്മദ് ശ്രമിച്ചത്. പ്രയാഗ്‌രാജില്‍ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഒരു കര്‍ഫ്യൂ പോലും ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് എന്‍എസ്എയ്ക്ക് അടിസ്ഥാനമില്ല. പോലിസ് ജാവേദ് മുഹമ്മദിനെ ലക്ഷ്യംവയ്ക്കുകയാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവചകനിന്ദയ്‌ക്കെതിരേ പ്രയാഗ്‌രാജില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ജാവേദ് മുഹമ്മദിനെ പോലിസ് അറസ്റ്റുചെയ്തത്. ജൂണ്‍ 12ന് ജാവേദ് മുഹമ്മദിന്റെ വീട് യുപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയിരുന്നു.
അറസ്റ്റ് ചെയ്തതിന് ശേഷം സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ജാവേദ് മുഹമ്മദിനെ പ്രയാഗ്‌രാജിലെ നൈനി ജയിലില്‍ നിന്ന് ദിയോറിയ ജയിലിലേക്ക് മാറ്റിയത്. ജാവേദിന്റെ വീട്ടില്‍ നിന്ന് പ്രകോപനപരമായ വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതായി പോലിസ് നേരത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം, കുടുംബം ഇക്കാര്യം നിഷേധിച്ചു. ജാവേദ് മുഹമ്മദിനെതിരേ എന്‍എസ്എ ചുമത്തിയതിനെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) പ്രസ്താവനയില്‍ അപലപിച്ചു. കര്‍ശനമായ നിയമം ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ തെളിവുകള്‍ ശേഖരിക്കാനുള്ള സ്വന്തം കഴിവില്ലായ്മ സംസ്ഥാന പോലിസ് മറച്ചുവയ്ക്കുകയാണെന്ന് പിയുസിഎല്‍ കുറ്റപ്പെടുത്തി.