മോദി-യോഗി ഭക്തനെ 'മുസ്‌ലിമാക്കി' യുപി പോലിസ്; നീതി തേടി കാല്‍നട യാത്രയുമായി യുവാവ് സുപ്രിംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ഇസ് ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നാരോപിച്ച് യുപി പോലിസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചെത്തിയ ഹിന്ദുത്വ ഭക്തനായ യുവാവ് നീതി തേടി സുപ്രിംകോടതിയിലേക്ക്. സഹറാന്‍പൂര്‍ സ്വദേശി പ്രവീണ്‍ കുമാറാണ് സുപ്രിംകോടതിയിലേക്ക് 200 കിലോമീറ്റര്‍ കാല്‍നടയായി യാത്ര പുറപ്പെട്ടത്. ജൂണ്‍ 23നാണ് പ്രവീണ്‍ കുമാറിനെ തേടി യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് വീട്ടിലെത്തിയത്. 'അബ്ദുല്‍ സമദ്' എന്നയാളെ തേടിയാണ് പ്രവീണ്‍ കുമാറിന്റെ വീട്ടിലെത്തിയത്. പ്രവീണ്‍ കുമാറിന്റെ ഫോട്ടോയുമായാണ് യുപി പോലിസ് എത്തിയത്. ഇസ് ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്ന് ആരോപിച്ചായിരുന്നു പോലിസ് അന്വേഷണം.
യുപിയില്‍ 'മതപരിവര്‍ത്തന റാക്കറ്റില്‍' നിന്നും ചോര്‍ന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് പ്രവീണ്‍ കുമാര്‍ എന്ന് പോലിസ് ആരോപിച്ചു. ഇതോടെ പ്രവീണ്‍ കുമാറിനെതിരെ തിരിഞ്ഞ പ്രദേശവാസികള്‍ പ്രവീണ്‍കുമാറിനെതിരേ സാമൂഹിക ബഹിഷ്‌കരണവും ഏര്‍പ്പെടുത്തി. പ്രവീണ്‍കുമാറിന്റെ വീടിന്റെ വാതിലില്‍ 'പാക്കിസ്താനിലേക്ക് പോകൂ' എന്നും ചിലര്‍ എഴുതിവച്ചു. ഇതോടെയാണ് നീതി തേടി പ്രവീണ്‍ കുമാര്‍ സുപ്രിംകോടതിയിലേക്ക് കാല്‍നട യാത്ര പുറപ്പെട്ടത്. 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് 'സാമൂഹിക നീതി മാര്‍ച്ച്' എന്നാണ് പേരിട്ടിരിക്കുന്നത്. കടുത്ത മോദി-യോഗി ഭക്തനെതിരേയാണ് യുപി പോലിസ് വ്യാജ മുദ്ര ചാര്‍ത്തിയിരിക്കുന്നതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടറേറ്റ് എടുത്തിട്ടുള്ള പ്രവീണ്‍ കുമാര്‍ മോദിയെ കുറിച്ചും യോഗിയെ കുറിച്ചും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
വീട് വിട്ടിറങ്ങിയ ശേഷം പ്രവീണ്‍കുമാര്‍ ഓരോ ദിവസവും 30 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്. യുപി പോലിസിന്റെ നിരീക്ഷണത്തിലുള്ള പ്രവീണ്‍ കുമാറിനെ യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാനും പോലിസ് ശ്രമിച്ചു.