പ്രതാപ് ഗഡ്: ഉത്തര്‍പ്രദേശില്‍ രാത്രി വീട്ടിലെത്തിയ സംഘം യുവാവിനെ പിടിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ചുട്ടുകൊന്നു. സംസ്ഥാന തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 166 കിലോമീറ്റര്‍ അകലെയുള്ള പ്രതാപ്ഗഡ് ജില്ലയിലാണ് ദാരുണസംഭവം. തിങ്കളാഴ്ച രാത്രിയാണ് 22 കാരനായ അംബിക പ്രസാദ് പട്ടേലിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നത്. ഒരു യുവതിയുമായി പ്രണയത്തിലായതാണ് അയല്‍വാസികളെ ക്രൂരകൃത്യത്തിനു കാരണമെന്നു പോലിസ് പറഞ്ഞു. രാത്രിയില്‍ നിരവധി പേരെത്തി യുവാവിനെ വീട്ടില്‍ അതിക്രമിച്ചുകയറുകയും പുറത്തേക്ക് വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീയിടുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘത്തെയും ആക്രമിച്ചു. രണ്ട് വാഹനങ്ങള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിളിനും തീയിടുകയും ചെയ്തു. ആക്രമണത്തില്‍ ഏതാനും പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അംബിക പ്രസാദ് പട്ടേല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം ഇതിനെതിരായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് പോലിസില്‍ കാണ്‍പൂരില്‍ കോണ്‍സ്റ്റബിളായി നിയമനം ലഭിച്ച യുവതിയുടെ ഫോട്ടോ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ യുവതിയും മാതാപിതാക്കളും രംഗത്തെത്തുകയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയിലിലായ അംബിക പ്രസാദ് പട്ടേല്‍ മെയ് ഒന്നിനാണ് പരോളില്‍ ഇറങ്ങിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 71 ജയിലുകളിലായി 11,000 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അംബിക പ്രസാദ് പട്ടേലിനു പരോള്‍ ലഭിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പ്രതാപ്ഗഡ് പോലിസ് മേധാവി അഭിഷേക് സിങ് വ്യക്തമാക്കി. പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.