ഗംഗ നദിയില്‍ ബോട്ടില്‍വച്ച് ചിക്കന്‍ ഗ്രില്‍ ചെയ്തതിന് രണ്ടു പേര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഹസന്‍ അഹ്മദ്, മുഹമ്മദ് ആസിഫ് എന്നിവരെയാണ് യുപി പൊലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-09-05 11:00 GMT
ഗംഗ നദിയില്‍ ബോട്ടില്‍വച്ച് ചിക്കന്‍ ഗ്രില്‍ ചെയ്തതിന് രണ്ടു പേര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ ഗംഗ നദിയിലെ ബോട്ട് യാത്രക്കിടെ ചിക്കന്‍ ഗ്രില്‍ ചെയ്തതിനും ഹുക്ക വലിച്ചതിനും രണ്ടു മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് പോലിസ്. ഹസന്‍ അഹ്മദ്, മുഹമ്മദ് ആസിഫ് എന്നിവരെയാണ് യുപി പൊലിസ് അറസ്റ്റ് ചെയ്തത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷധം കനക്കുകയാണ്.

കഴിഞ്ഞ ആഴ്ച, ഒരു നദിയില്‍ വെച്ച് ബോട്ടില്‍ ഏതാനും യുവാക്കള്‍ ഹുക്ക വലിക്കുന്നതും ചിക്കന്‍ ഗ്രില്‍ ചെയ്യുന്നതുമായ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനത്താണ് ബോട്ട് ഉണ്ടായിരുന്നതെന്ന് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും അനുഭാവികളും ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഡിയോയുടെ ഉള്ളടക്കമോ അത് പ്രസ്തുത സ്ഥലത്ത് വെച്ചാണോ ചിത്രീകരിച്ചതെന്നോ സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 31ന് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ആറ് പേര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും ആരാധനാലയം അശുദ്ധമാക്കിയതിനും പ്രതികളാണെന്ന് പറഞ്ഞ് പോലിസ് കേസെടുത്തിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും പ്രയാഗ് രാജ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദരഗഞ്ച് പോലിസ് ഹസന്‍ അഹമ്മദ്, മുഹമ്മദ് ആസിഫ് എന്നിവരെ ഗംഗാ മൂര്‍ത്തി ട്രൈ സെക്ഷന് സമീപത്തുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദരഗഞ്ച് ഒരു തീര്‍ത്ഥാടന കേന്ദ്രമാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നും ജനങ്ങള്‍ ചെയ്യരുതെന്നും സര്‍ക്കിള്‍ ഓഫിസര്‍ ആസ്ത ജയ്‌സ്വാള്‍ പറഞ്ഞു. ബാക്കിയുള്ള പ്രതികളെ തിരിച്ചറിഞ്ഞു വരികയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു നദി, ഒരു ആരാധനാലയമായാലും അത് എല്ലാവരുടേതുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ഈ യുവാക്കള്‍, അവരുടെ സ്വകാര്യ യാത്രയിലായിരുന്നു. കുംഭമേള പോലുള്ള ഹൈന്ദവ ആഘോഷങ്ങളില്‍ സ്ത്രീകളും സന്യാസികള്‍ ഉള്‍പ്പെടെയുള്ളവരും പുകവലിക്കുന്ന പാരമ്പര്യവും പലരും ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News