ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസ്. സല്‍മാന്‍ ഖുര്‍ഷിദിന്റെ അനന്തരവളും സമാജ് വാദി പാര്‍ട്ടി നേതാവുമായ മരിയ ആലം ഖാന് എതിരെയും ഉത്തര്‍പ്രദേശ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാര്‍ഥി നവല്‍ കിഷോര്‍ സാക്ക്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മരിയ ആലം ഖാന്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തതെന്നാണ് പരാതി. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മരിയ ആലം ഖാന്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തത്. സംഘി സര്‍ക്കാരിനെ പരാജപ്പെടുത്താന്‍ വോട്ടിലൂടെ ജിഹാദ് ചെയ്യണം എന്നായിരുന്നു മരിയയുടെ ആഹ്വാനം.
വിവാദമായ പരാമര്‍ശം മരിയ നടത്തിയ യോഗത്തില്‍ സല്‍മാന്‍ ഖുര്‍ഷിദും ഭാര്യ ലൗസി ഖുര്‍ഷിദും പങ്കെടുത്തിരുന്നു. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച മരിയ ആലം ഖാന്‍ തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉത്തര്‍പ്രദേശ് പോലിസ് പറഞ്ഞു. എന്നാല്‍, ജിഹാദ് പരാമര്‍ശത്തെ മരിയ ന്യായീകരിച്ചു. ഉറുദുവില്‍ ജിഹാദിന്റെ അര്‍ത്ഥം പൊരുതുക എന്നാണ്. വോട്ടിങ്ങില്‍ താത്പര്യം ഇല്ലായ്മ കാണിക്കുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചതെന്ന് മരിയ പറഞ്ഞു.
മരിയ ആലം ഖാന് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് പ്രേരിപ്പിക്കാനാണ് ജിഹാദ് എന്ന പദം മരിയ ഉപയോഗിച്ചതെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ നിലപാട്.