വിദ്യാര്‍ഥികള്‍ അല്ലാമാ ഇഖ്ബാലിന്റെ കവിത ചൊല്ലി; യുപിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനു സസ്‌പെന്‍ഷന്‍
സര്‍ക്കാര്‍ സ്‌കൂളിലെ പാഠ്യപദ്ധതിയിലുള്ള കവിത മാത്രമാണ് ചൊല്ലിയത്. തന്റെ വിദ്യാര്‍ഥികള്‍ എല്ലാദിവസവും അസംബ്ലിയില്‍ 'ഭാരത് മാതാ കീ ജയ്' പോലെയുള്ള ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാറുണ്ടെന്നും പ്രധാനാധ്യാപകന്‍ ഫുര്‍ഖാന്‍ അലി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലക്‌നോ: മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ കവിത അസംബ്ലിക്കിടെ വിദ്യാര്‍ഥികളെ കൊണ്ട് ചൊല്ലിപ്പിച്ചെന്ന് ആരോപിച്ച് യുപിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഗവ. ഉര്‍ദു സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഫുര്‍ഖാന്‍ അലി(45)യെയാണ് സസ്‌പെന്റ് ചെയ്തത്. പ്രദേശത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. 'സാരേ ജഹാന്‍ സേ അച്ഛാ' ഉള്‍പ്പെടെ നിരവധി പ്രശസ്ത കവിതകളെഴുതിയ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1902ല്‍ എഴുതിയ 'ലബ് പേ ആതി ഹേ ദുആ' എന്ന കവിതയാണ് വിദ്യാര്‍ഥികള്‍ രാവിലെ നടന്ന അസംബ്ലിയില്‍ ചൊല്ലിയത്. എന്നാല്‍, ദേശീയഗാനമായ 'ജനഗണ മന'യ്ക്കു പകരം ഫുര്‍ഖാന്‍ അലി മതപരമായ കവിത ചൊല്ലിച്ചെന്നാണ് വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതി. തുടര്‍ന്ന് ബിസ് ലാപൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍(ബിഇഒ) ഉപേന്ദ്രകുമാര്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച ഫുര്‍ഖാന്‍ അലി എല്ലാ ദിവസവും ദേശീയഗാനം ആലപിക്കാറുണ്ടെന്നും പറഞ്ഞു. പ്രസ്തുത കവിത ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ഉര്‍ദു സിലബസില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
'തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി, ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ സ്‌കൂളിനു പുറത്തും കലക്ടറേറ്റിനു മുന്നിലും ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളിലെ പാഠ്യപദ്ധതിയിലുള്ള കവിത മാത്രമാണ് ചൊല്ലിയത്. തന്റെ വിദ്യാര്‍ഥികള്‍ എല്ലാദിവസവും അസംബ്ലിയില്‍ 'ഭാരത് മാതാ കീ ജയ്' പോലെയുള്ള ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാറുണ്ടെന്നും പ്രധാനാധ്യാപകന്‍ ഫുര്‍ഖാന്‍ അലി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സ്‌കൂളില്‍ ദേശീയഗാനം ആലപിക്കാറുണ്ടെന്ന് ബിസ് ലാപൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍(ബിഇഒ)യും ബേസിക് ശിക്ഷാ അധികാരി(ബിസ്എ) ദേവേന്ദ്ര സ്വരൂപും സ്ഥിരീകരിച്ചു. എന്നാല്‍, വിദ്യാര്‍ഥികളെ മറ്റൊരു പ്രാര്‍ഥന ആലപിക്കാന്‍ പ്രേരിപ്പിച്ചതില്‍ പ്രഥമദൃഷ്ട്യാ ഉത്തരവാദിയെന്ന് കണ്ടെത്തിയതിനാലാണ് അലിയെ സസ്‌പെന്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു.