യുഎപിഎ അറസ്റ്റ്: അലന്‍ ശുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി
ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിയായ അലന്‍ നവംബര്‍ ഒന്നിന് വൈകീട്ടാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് ഇപ്പോൾ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.
കണ്ണൂര്‍: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നിയമ വിദ്യാര്‍ഥി അലന്‍ ശുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിയായിരുന്നു അലന്‍. തുടര്‍ച്ചയായി ക്ലാസില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് സര്‍വകലാശാല പുറത്താക്കിയിരിക്കുന്നത്.
ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിയായ അലന്‍ നവംബര്‍ ഒന്നിന് വൈകീട്ടാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് ഇപ്പോൾ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല ക്യാമ്പസിലായിരുന്നു അലന്‍ പഠിച്ചിരുന്നത്. കോഴ്‌സിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നാല്‍ പുറത്താക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.
പുനപ്രവേശനം ആവശ്യമുണ്ടെങ്കില്‍ സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമപ്രകാരമുള്ള നടപടി അപേക്ഷയില്‍ എടുക്കാമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അലന്‍ ശുഹൈബിനെയും സുഹൃത്തും ജേര്‍ണലിസം വിദ്യാര്‍ഥിയുമായ താഹ ഫസിലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. മാവോവാദി ബന്ധമാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.