കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക പ്രഖ്യാപനവുമായി അമേരിക്ക
ലോകവ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. കൊവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്നതാണ് ഇത്. അതുകൊണ്ടുതന്നെ ഫൈസര്‍, മോഡേണ കമ്പനികളുടെ ശക്തമായ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി.
വാഷിങ്ടണ്‍: ഇന്ത്യയിലടക്കം ലോകത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കവെ ആശ്വാസം നല്‍കുന്ന നിര്‍ണായക പ്രഖ്യാപനവുമായി അമേരിക്ക രംഗത്ത്. കൊവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ്) എടുത്തുകളയാനാണ് അമേരിക്ക ഒരുങ്ങുന്നത്. ലോകവ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. കൊവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്നതാണ് ഇത്. അതുകൊണ്ടുതന്നെ ഫൈസര്‍, മോഡേണ കമ്പനികളുടെ ശക്തമായ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി.
ജീവന്‍ രക്ഷിക്കുന്നതിനായി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുന്നതിനായി പാടുപെടുന്ന ദരിദ്രരാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനം. സമ്പന്നരാജ്യങ്ങള്‍ വന്‍തോതില്‍ വാക്‌സിന്‍ ഡോസുകള്‍ വാങ്ങിക്കൂട്ടുകയും ദരിദ്രരാജ്യങ്ങള്‍ വാക്‌സിനായി നെട്ടോട്ടമോടുകയും ചെയ്യുന്നതായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഗവേഷണ കണ്ടെത്തലിന് ഇതാദ്യമായാണ് പേറ്റന്റ് വേണ്ടെന്ന നിലപാട് എടുക്കുന്നത്. ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കുന്നതോടെ ഏത് ഉത്പാദകര്‍ക്കും വാക്‌സിന്‍ നിര്‍മിക്കാനും ക്ഷാമം ഒഴിവാക്കാനും സാധിക്കും. വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യപ്രതിസന്ധിയാണെന്നും കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളില്‍, കൂടുതല്‍ മരുന്നുകമ്പനികളെ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യമുന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍, വാക്‌സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു. ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോവരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാവുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കന്‍ തീരുമാനത്തെ ലോകാരോഗ്യസംഘടന സ്വാഗതം ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്ന് ലോകാരോഗ്യസംഘടന പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമാണെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചു.