കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശമാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

കശ്മീരിലെ പൊതു സുരക്ഷാ നിയമ പ്രകാരം എത്ര പേരെ തടവിലാക്കിയിട്ടുണ്ട്, റബ്ബര്‍ ബുള്ളറ്റുകളുടെ ഉപയോഗം, മാധ്യമ പ്രവര്‍ത്തകരെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളേയും മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് കത്തിലുള്ളത്.

Update: 2019-10-27 02:53 GMT

വാഷിങ്ടണ്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യ നല്‍കുന്ന ചിത്രത്തിന് വിരുദ്ധമായാണ് പുറത്തുവരുന്ന കാര്യങ്ങളെന്നും കൂടുതല്‍ കൃത്യമായി കാര്യങ്ങളറിയാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങളായ ഡേവിഡ് എന്‍ സിസിലിന്‍, ഡിന ഡൈറ്റസ്, ക്രിസ്റ്റി ഹുലാഹന്‍, ആര്‍ഡി ലെവിന്‍ തുടങ്ങി ആറു അംഗങ്ങളാണ് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധനന്‍ ശ്രൃംഗ്‌ലയ്ക്കു ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്.

ഒക്ടോബര്‍ 16ന് കശ്മീരിലെ സ്ഥിതിഗിതികള്‍ ശ്രൃംഗ്‌ല യുഎസിനെ ധരിപ്പിച്ചിരുന്നു. കശ്മീരിലെ പൊതു സുരക്ഷാ നിയമ പ്രകാരം എത്ര പേരെ തടവിലാക്കിയിട്ടുണ്ട്, റബ്ബര്‍ ബുള്ളറ്റുകളുടെ ഉപയോഗം, മാധ്യമ പ്രവര്‍ത്തകരെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളേയും മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് കത്തിലുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളേയും മേഖലയിലേക്ക് അയക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരില്‍ ലാന്‍ഡ്‌ലൈന്‍ സേവനത്തിന്റെ 100 ശതമാനം പുനസ്ഥാപിച്ചിട്ടുണ്ടോയെന്നും എന്നും പ്രീപെയ്ഡ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനങ്ങളും എപ്പോള്‍ പുനസ്ഥാപിക്കുമെന്നും അവര്‍ ചോദിച്ചു. പൂര്‍ണ ഇന്റര്‍നെറ്റ് സേവനം എപ്പോഴാണ് പുനസ്ഥാപിക്കുകയെന്നും സംഘം ആരാഞ്ഞു.

ആഗസ്ത് അഞ്ചു മുതല്‍ എത്ര പേരെ പൊതു സുരക്ഷാ നിയമപ്രകാരം അല്ലെങ്കില്‍ മറ്റ് നിയമങ്ങള്‍ പ്രകാരം തുറങ്കിലടച്ചു? അതില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എത്ര? പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ ഒരാള്‍ക്കുള്ള അടിസ്ഥാന ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ എന്ത്? തുടങ്ങിയ ചോദ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കശ്മീരിലെ കര്‍ഫ്യൂവിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും ജമ്മു കശ്മീരില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ ഇപ്പോഴും അനുവദിക്കാത്തതിന്റെ കാരണങ്ങളും ചോദിച്ചിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക നില അറിയിക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും യുഎസ് വ്യാഴാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം.

കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുമ്പോഴും മേഖലയില്‍ സ്ഥിതി സങ്കീര്‍ണമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Tags:    

Similar News