മുംബൈ ആക്രമണം; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎസ് കോടതിയുടെ അനുമതി
വാഷിങ്ടണ്‍: 2008ലെ മുംബൈ ആക്രമണത്തിലെ ഗൂഢാലോചനക്കേസ് പ്രതി പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസയ്ന്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎസ് കോടതിയുടെ അനുമതി. കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി പ്രകാരം തഹാവൂര്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ കൂട്ടാളിയായ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാകിസ്താന്‍ സംഘടനകള്‍ക്കായി മുംബൈയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റാണയെ ഇന്ത്യ അന്വേഷിക്കുന്നത്. ലശ്കറെ ത്വയ്യിബയ്ക്ക് സഹായം ചെയ്‌തെന്ന കുറ്റത്തിന് 2011ല്‍ തഹാവൂര്‍ ഹുസയ്ന്‍ റാണയെ യുഎസ് കോടതി ശിക്ഷിച്ചിരുന്നു. റാണയെ വിട്ടുകിട്ടുന്നതോടെ മുംബൈ ആക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. റാണയെ 2009ലാണ് ചിക്കാഗോയില്‍ വച്ച് മുംബൈ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. 2009 നവംബര്‍ 26ന് മുംബൈയില്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പൗരന്‍മാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. അക്രമിസംഘത്തിലെ ഒമ്പതു പേരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ റാണയ്ക്ക് 14 വര്‍ഷമാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്.