ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം 20,407 ഇന്ത്യക്കാരെ ഉടന്‍ ബാധിച്ചേക്കാമെന്ന് ആശങ്ക

Update: 2025-01-22 03:41 GMT
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം 20,407 ഇന്ത്യക്കാരെ ഉടന്‍ ബാധിച്ചേക്കാമെന്ന് ആശങ്ക

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കര്‍ക്കശ കുടിയേറ്റ വിരുദ്ധ നയം 20,407 ഇന്ത്യക്കാരെ ഉടന്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപോര്‍ട്ട്. ഇതില്‍ 2,467 പേര്‍ വിവിധ തടങ്കല്‍പാളയങ്ങളിലാണുള്ളത്. ബാക്കിയുള്ള 17,940 പേര്‍ യുഎസ് ഇമിഗ്രേഷന്‍ വകുപ്പിന്റെ പുറത്താക്കല്‍ ഉത്തരവ് ലഭിക്കാന്‍ സാധ്യതയുള്ളവരാണ്. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 37,000 പേരെയാണ് രേഖകളില്ലാത്തതിന്റെ പേരില്‍ യുഎസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ ജഡ്ജി ഇവരെ പുറത്താക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇനിയും അപ്പീല്‍ നല്‍കാം. മാതൃരാജ്യത്തെ ഭരണകൂടം തങ്ങളെ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വാദിച്ച് തെളിയിച്ചാല്‍ ഇവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ യുഎസ് ഭരണകൂടത്തിന് ബാധ്യതയുണ്ട്.

രേഖകളില്ലാതെ യുഎസില്‍ തുടരുന്നവരെ തിരികെ കൊണ്ടുപോവുന്ന കാര്യത്തില്‍ ഇന്ത്യ, ഇറാഖ്, സുഡാന്‍, ബോസ്‌നിയ-ഹെര്‍സെഗോവിന അടക്കം 15 രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്ന് യുഎസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 2021ല്‍ 292 ഇന്ത്യക്കാരെയാണ് യുഎസ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ചത്. 2024ല്‍ ഇത് 1,529 ആയി ഉയര്‍ന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ 150 വിമാനങ്ങളാണ് യുഎസ് ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Similar News