ഹിസ്ബുല്ലക്ക് ലബ്‌നാന്‍ സര്‍ക്കാരില്‍ പങ്കാളിത്തം നല്‍കരുതെന്ന് യുഎസ്; വ്യാപക പ്രതിഷേധം

ബെയ്‌റൂത്ത്: ലബ്‌നാന്‍ സര്‍ക്കാരില്‍ ഹിസ്ബുല്ലക്ക് പങ്കാളിത്തം നല്‍കരുതെന്ന യുഎസിന്റെ തിട്ടൂരത്തിനെതിരെ വ്യാപകപ്രതിഷേധം. ഹിസ്ബുല്ലയെ പരാജയപ്പെടുത്തിയതിന് ഇസ്രായേലിനോട് നന്ദിയുണ്ടെന്നും ഹിസ്ബുല്ലയെ ലബ്‌നാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തരുതെന്നുമുള്ള യുഎസിന്റെ പശ്ചിമേഷ്യ ഡെപ്യൂട്ടി പ്രതിനിധിയായ മോര്‍ഗന്‍ ഒര്‍ട്ടഗസിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് അഔനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രസ്താവന.

മോര്‍ഗന്‍
ഇതേതുടര്‍ന്ന് ലബ്‌നാനിന്റെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടരുതെന്നാവശ്യപ്പെട്ട് ലബ്‌നാനികള്‍ ബെയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി. നിരവധി പ്രദേശങ്ങളില്‍ റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. ഹിസ്ബുല്ലയുടെ രാഷ്ട്രീയപ്രാധാന്യം ഇല്ലാതാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഹിസ്ബുല്ല പരാജയപ്പെട്ടിട്ടില്ലെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നും ലബ്‌നാന്‍ ഗ്രാന്‍ഡ് ജാഫരി മുഫ്തി ശെയ്ഖ് അഹമ്മദ് ഖബാലന്‍ പറഞ്ഞു. ''ലബ്‌നാന്‍ ലബ്‌നാനികളുടേതാണ്. ഹിസ്ബുല്ല ഒരു ദേശീയശക്തിയാണ്. ഹിസ്ബുല്ലയെയും അമല്‍ പ്രസ്ഥാനത്തെയും സര്‍ക്കാരില്‍ നിന്നും ഒഴിവാക്കുന്നത് രാജ്യത്തിന്റെ സ്ഥിരത ഇല്ലാതാക്കും.''-ശെയ്ഖ് അഹമ്മദ് ഖബാലന്‍ വിശദീകരിച്ചു. ലബ്‌നാന്‍ സര്‍ക്കാരിന്റെ രൂപം തീരുമാനിക്കാനോ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കുന്ന ഹിസ്ബുല്ലയെ ആക്രമിക്കാനോ ഒരു വിദേശശക്തിയെയും അനുവദിക്കില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്താവനയില്‍ അറിയിച്ചു.
ലബ്‌നാന്റെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടരുതെന്ന് ഹിസ്ബുല്ലയെ അനുകൂലിക്കുന്ന എംപിമാരുടെ ബ്ലോക്കായ ലോയല്‍റ്റി ടു ദി റെസിസ്റ്റന്‍സിന്റെ നേതാവ് മുഹമ്മദ് റാദ് ആവശ്യപ്പെട്ടു.

മുഹമ്മദ് റാദ്
'' ഗസയിലും ലബ്‌നാനിലും ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് പിന്തുണ നല്‍കുന്നത് ആരാണ് എന്ന് ലോകത്തിന് അറിയാം. ഇസ്രായേലിന് ആയുധങ്ങളും പണവും നല്‍കുന്നതും തദ്ദേശീയരെ ഭൂമിയില്‍ നിന്നു പുറത്താക്കാന്‍ കൂട്ടുനില്‍ക്കുന്നതും ആരാണെന്ന് ലോകത്തിന് അറിയാം. ''-മുഹമ്മദ് റാദ് പറഞ്ഞു.