കൊവിഡ് മരണം 20,000 കടന്നു; ഇറ്റലിയെ മറികടന്ന് അമേരിക്ക

Update: 2020-04-12 00:58 GMT

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ അമേരിക്കയില്‍ മാത്രം മരണം 20,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് യുഎസില്‍ മരിച്ചവരുടെ എണ്ണം 20,071 ആണെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്ന രാജ്യമായി അമേരിക്ക മാറി. ഇറ്റലിയിലും മരണം 20000ത്തോട് അടുക്കുകയാണ്. ഇതുവരെ 19,468 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെടുന്ന ലോകത്തെ അഞ്ചിലൊരാള്‍ അമേരിക്കക്കാരനാണെന്ന അവസ്ഥയാണുള്ളത്. അമേരിക്കയില്‍ ഒറ്റ ദിവസം തന്നെ 2000ത്തിലേറെ പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 619 പുതിയ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ആകെ മരണസംഖ്യ 19,468 ആയിട്ടുണ്ട്. സ്‌പെയിനില്‍ 16,353 പേരും ഫ്രാന്‍സില്‍ 13,197 പേരും കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടനിലും മരണസംഖ്യ 10000 കടന്നു. ആഗോളതലത്തില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ 90 ശതമാനത്തിലേറെയും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്.


Tags:    

Similar News