കൊറോണ വൈറസിനെതിരായ പോരാട്ടം: ഇന്ത്യയ്ക്ക് 30 ലക്ഷം ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ച് യുഎസ്

ഏപ്രില്‍ ആറിന് പ്രഖ്യാപിച്ച 29 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായത്തിന് പുറമേയാണിത്.

Update: 2020-04-30 12:32 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുന്നതിന് തങ്ങളുടെ സഹായ ഏജന്‍സിയായ യുഎസ്‌ഐഐഡി വഴി 30 ലക്ഷം ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഏപ്രില്‍ ആറിന് പ്രഖ്യാപിച്ച 29 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായത്തിന് പുറമേയാണിത്. അധിക ധനസഹായം കൊവിഡ് 19 നെതിരേയുള്ള ഇന്ത്യയുടെ പ്രതിരോധത്തെ കൂടുതല്‍ സഹായിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.

കൊറോണയെ നേരിടാനുള്ള നിരന്തര പോരാട്ടത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനുള്ള ഈ അധിക ധനസഹായം ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി തുടരുന്ന പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒരിടത്തുള്ള പകര്‍ച്ചാവ്യാധിക്ക് എല്ലായിടത്തും ഭീഷണി ഉയര്‍ത്താന്‍ കഴിയും. അതുകൊണ്ട് യുഎസ് മറ്റു ദാതാക്കളോടും കൊറോണയ്‌ക്കെതിരായ ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്നതായും യുഎസ് എംബസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ഇതുവരെ 59 ലക്ഷം ഡോളറാണ് നല്‍കിയിട്ടുള്ളത്. ഏപ്രില്‍ 16 നാണ് യുഎസ് സര്‍ക്കാര്‍ അധിക സഹായത്തിനുള്ള പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ ഏറ്റവും മുന്‍നിരയിലുള്ള സഹായ സംഘടനയാണ് യുഎസ്എഐഡി. 

Tags:    

Similar News