ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി യുടിഎസ് ആപ്പ്; ഇനി ഏത് സ്‌റ്റേഷനില്‍നിന്നുള്ള ടിക്കറ്റും എവിടെനിന്നും എടുക്കാം
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി യുടിഎസ് ആപ്പ്. സ്‌റ്റേഷന്‍ കൗണ്ടറില്‍ പോവാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റ(യുടിഎസ്)ത്തിലാണ് റെയില്‍വേ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ഇനിമുതല്‍ എവിടെനിന്നും എത്ര ദൂരത്തുള്ള സ്‌റ്റേഷനില്‍നിന്നും മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാനാവും. എന്നാല്‍, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. യുടിഎസില്‍ ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്‌റ്റേഷനുകളില്‍നിന്നു മാത്രമേ ടിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ സ്‌റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്ത് ഉണ്ടായിരിക്കണം. ഈ ദൂരപരിധി ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ട്രെയിന്‍ യാത്രക്കാര്‍ യുടിഎസ് ആപ്പിലൂടെ ടിക്കറ്റെടുക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചതോടെയാണ് മാറ്റം വരുത്തിയത്. പുതിയ മാറ്റത്തിലൂടെ ആലുവയിലുള്ള ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോവാന്‍ ടിക്കറ്റെടുക്കാന്‍ കഴിയും. എക്‌സ്പ്രസ്/സൂപര്‍ഫാസ്റ്റ് ജനറല്‍ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവ ആപ്പിലൂടെ എടുക്കാം. ആപ്പ് വന്ന സമയത്ത് തന്നെ യാത്രക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
യുടിഎസ് ആപ്പിന് വന്‍ സ്വീകാര്യതയാണ് യാത്രക്കാരില്‍നിന്ന് ലഭിക്കുന്നത്. ഇതുകാരണം കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന 30 ശതമാനം കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ, പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ക്യുആര്‍കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിരുന്നു. ആപ്പിലെ ക്യുആര്‍ ബുക്കിങ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇതുവഴി ടിക്കറ്റെടുക്കേണ്ടത്. പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്ന ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍നിന്നുള്ള ടിക്കറ്റുകള്‍ എടുക്കാവുന്ന വിധത്തിലും ആപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.