രാഷ്ട്രപതി അംഗീകാരം നല്‍കി; ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നിയമമായി

Update: 2024-03-13 11:23 GMT

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം. ഇതോടെ ഏകസിവില്‍ കോഡ് സംസ്ഥാനത്ത് നിയമമായി. രാജ്യത്ത് ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകസിവില്‍ കോഡ് സംബന്ധിച്ച ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. 28ന് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ളതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കുകയും ഇന്ന് ഉച്ചയോടെ അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതി ഭവനില്‍നിന്നുള്ള അറിയിപ്പ് പുറത്തുവരികയും ചെയ്തു. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. എന്നാല്‍, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നിയമം പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ശുപാര്‍ശ ചെയ്യുന്നുണ്ട്. ലിവ് ഇന്‍ റിലേഷനിലുള്ള പുരുഷപങ്കാളിയാല്‍ സ്ത്രീപങ്കാളി വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം പുരുഷപങ്കാളി നല്‍കണമെന്നും അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും നിയമത്തിലുണ്ട്.

Tags:    

Similar News