പാലക്കാട്: വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മാധ്യമങ്ങളിലൂടെ വാളയാറില്‍ പീഡനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. പാലക്കാട് പോക്‌സോ കോടതിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് കുട്ടികളുടെ അമ്മയുടെ പരാതിയിന്‍മേലാണ് നടപടി. സോജന്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് അപൂര്‍വമാണെന്ന് വാളയാര്‍ കേസിലെ അഭിഭാഷകന്‍ ഷജറുദ്ദീന്‍ പാറക്കല്‍ പ്രതികരിച്ചു.
സോജനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. തല മുണ്ഡനം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ സോജന്റെ തലയില്‍ തൊപ്പിയുള്ള കാലത്തോളം ഞാന്‍ മുടി വളര്‍ത്തില്ലെന്ന വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ കൊടുത്ത പരാതിയില്‍ സോജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി കേസെടുത്തിരിക്കുകയാണ്. സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കി കേസ് അന്വേഷണിക്കണമെന്നാണ് എന്റെ ആവശ്യം- പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലായിരുന്നു സോജന്റെ പ്രതികരണം.
പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നുവെന്ന തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, സോജനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത് അന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതി ആവശ്യപ്പെടുന്നത്. 2017 ജനുവരിയിലാണ് വാളയാറില്‍ 13കാരിയായ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മാര്‍ച്ച് നാലിന് നാലാം ക്ലാസ്സുകാരിയായ അനുജത്തിയെയും ഇതേരീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പോലിസിന് വീഴ്ചയുണ്ടായെന്ന് പരാതി ഉയര്‍ന്നതോടെ അന്നത്തെ ഡിവൈഎസ്പി സോജന് അന്വേഷണം കൈമാറുകയായിരുന്നു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. പ്രതികളെ വെറുടെ വിട്ട് കോടതി വിധി വന്നതോടെ ആ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.