വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി ജല മെട്രോയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Update: 2023-04-25 10:16 GMT

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി ജല മെട്രോ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലാണ് നടത്തിയത്. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. കന്നിയാത്രയില്‍ 14 സ്‌റ്റേഷനുകളിലാണ് നിര്‍ത്തുക. തുടര്‍ന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളം പോലെ അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനത്ത് മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂവെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് വാട്ടര്‍മെട്രോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോ സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്നും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

    കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹൈക്കോര്‍ട്ട്‌വൈപ്പിന്‍ ടെര്‍മിനിലുകളില്‍ നിന്നു വൈറ്റിലകാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്. 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോക്കായി ഒരുക്കിയിട്ടുണ്ട്. ഇവയെ ബന്ധിപ്പിക്കുന്ന 78 വാട്ടര്‍ മെട്രോ ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. തുച്ഛമായ നിരക്കില്‍ സുരക്ഷിതമായ യാത്രയാണ് വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഏറെ ഫലപ്രദമാകുംവിധം ബോട്ടുകള്‍ ശീതീകരിച്ചിട്ടുണ്ടാകും. ഇലക്ട്രിക്‌ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ഇത് ജലസ്രോതസിനെ മലിനമാക്കില്ല. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകള്‍, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. നാളെയാണ് കൊച്ചി വാട്ടര്‍ മെട്രോ ആദ്യ സര്‍വീസ് നടത്തുക.

Tags:    

Similar News