വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടനെത്തും

Update: 2024-01-12 09:17 GMT

ന്യൂഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരും മാസങ്ങളില്‍ പുറത്തിറങ്ങിയേക്കും. ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ബിഇഎംഎല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ട്രെയിന്‍ കൈമാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പില്‍ 11 എസി 3 ടയര്‍ കോച്ചുകളും 4 എസി 2 ടയര്‍ കോച്ചുകളും ഒരു എസി ഒന്നാം കോച്ചുമുണ്ട്. ട്രെയിനിന് ആകെ 823 യാത്രക്കാര്‍ക്കുള്ള ബെര്‍ത്ത് ശേഷിയുണ്ടാകും. വന്ദേ ഭാരത് ചെയര്‍ കാറുകള്‍ക്ക് സമാനമായി 160 കിലോമീറ്റര്‍ വരെ വേഗതിലാണ് ട്രെയിന്‍ ഓടുക.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത് ബെര്‍ത്തുകളുടെ വശത്ത് അധികമായി കുഷ്യന്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ബെര്‍ത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രായമായ യാത്രക്കാര്‍ക്ക് പോലും മുകളിലെ ബര്‍ത്തുകളില്‍ എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്ന തരത്തിലാണ് ഗോവണികള്‍ സജ്ജമാക്കിയിരിക്കുന്നത്. കുലുക്കമില്ലാതെ യാത്ര ചെയ്യാനാകും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്‌ലറ്റുകളുമുണ്ട്. കോമണ്‍ ഏരിയയില്‍ സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ലൈറ്റിങ് സൗകര്യമാണ് തയാറാക്കിയിരിക്കുന്നത്. ആന്റി-സ്പില്‍ ഫീച്ചറുകളുള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യേകത. കോച്ചുകളുടെ ഇടനാഴിയില്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ ലൈറ്റുകളുണ്ടാകും. സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള വാതിലുകള്‍, പുറത്തേക്കുള്ള ഓട്ടോമാറ്റിക് സംവിധാനമുള്ള ഡോറുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകള്‍, ശുചിമുറി, ഫസ്റ്റ് എസിയിലെ ചൂടുവെള്ളം ലഭിക്കുന്ന ഷവര്‍, നോയ്‌സ് ഇന്‍സുലേഷന്‍, ദുര്‍ഗന്ധം ഒഴിവാക്കാനാകുന്ന ശുചിമുറി എന്നിവയും ട്രെയിനിലുണ്ട്.

Tags:    

Similar News