വാരണസിയില്‍ നാളെ മുതല്‍ ഒമ്പത് ദിവസത്തേക്ക് മീന്‍-മാംസ വില്‍പ്പന പാടില്ലെന്ന് നഗരസഭ; മുസ് ലിംകള്‍ സഹകരിക്കണമെന്ന് മേയര്‍

വാരാണസി: നവരാത്രി ആഘോഷം നടക്കുന്ന ഒമ്പത് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഇറച്ചിക്കടകളും മീന്‍കടകളും കോഴിക്കടകളും പൂട്ടിയിടണമെന്ന് നഗരസഭ ഉത്തരവിറക്കി. ഞായറാഴ്ച്ച മുതല്‍ ഒമ്പതു ദിവസമാണ് കടകള്‍ പൂട്ടിയിടേണ്ടത്. തിങ്കളാഴ്ച്ചയാണ് മുസ്‌ലിംകളുടെ പെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ നവരാത്രിയെ പവിത്രമായാണ് കാണുന്നതെന്ന കാര്യം മുസ്‌ലിംകള്‍ പരിഗണിക്കണമെന്ന് മേയര്‍ അശോക് കുമാര്‍ തിവാരി ആവശ്യപ്പെട്ടു. അതിനാല്‍ ഞായര്‍ മുതല്‍ കടകള്‍ ഒമ്പത് ദിവസം പൂട്ടിയിടണം. ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാരണസി മതപരവും സാംസ്‌കാരികവുമായ 'തലസ്ഥാനം' ആണെന്നും പ്രതിദിനം രണ്ടു ലക്ഷം പേരാണ് നഗരത്തില്‍ എത്തുന്നതെന്നും അതിനാല്‍ നഗരസഭയുടെ ഉത്തരവിനെ ബലപ്രയോഗമായി കാണരുതെന്നും തിവാരി ആവശ്യപ്പെട്ടു. നവരാത്രി സമയത്ത് മാംസം, മീന്‍, കോഴി എന്നിവ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മദന്‍ മോഹന്‍ ദുബെയാണ് നഗരസഭാ യോഗത്തില്‍ നിര്‍ദേശം വെച്ചത്. ഇത് യോഗം അംഗീകരിക്കുകയായിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ 26 നോണ്‍ വെജ് ഹോട്ടലുകള്‍ ഈ മാസം തുടക്കത്തില്‍ അടച്ചുപൂട്ടിയിരുന്നു. നൈസാദക്, ബെനിയബാഗ് എന്നീ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നോണ്‍ വെജിനെതിരേ കര്‍ശന നടപടികളും സ്വീകരിച്ചു.