മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ് ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയോ എന്ന ചോദ്യത്തെയും അദ്ദേഹം നിഷേധിച്ചു. ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസിനാവില്ല. സിപിഎം രാഷ്ട്രീയലാഭമാണ് നോക്കുന്നത്. സമസ്ത നേതാക്കളും എല്ലാവരും സെമിനാറിന് പോവുന്നതില്‍ എതിര്‍പ്പില്ല. നമ്മള്‍ വിളിച്ചപ്പോഴും അവരെല്ലാം വന്നിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഫലസ്തീനൊപ്പമാണ്. കോണ്‍ഗ്രസ് ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ ഫലസ്തീനൊപ്പമായിരുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നത്. റാലി നടത്താന്‍ തീരുമാനിച്ച സിപിഎം ഫലസ്തീനെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. അതിന്റെ മറവില്‍ മുസ്‌ലിം ലീഗ്, സമസ്ത, യുഡിഎഫ് എന്നിവയാണ് ചര്‍ച്ചാ വിഷയമാക്കുന്നത്. ഫലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സിപിഎം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിന് ഫലസ്തീനിനോടുള്ള ആത്മാര്‍ഥ ഐക്യദാര്‍ഢ്യമാണ് ഉള്ളതെങ്കില്‍ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം. കോണ്‍ഗ്രസിനെയും യുഡിഎഫിലെ മുഴുവന്‍ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് ലീഗ് ബന്ധത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലുമില്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാവും. പക്ഷേ, കോണ്‍ഗ്രസിനോ യുഡിഎഫിനോ ഹാനികരമാവുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസും എടുക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവരും മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് വൈകീട്ട് നാലിന് പാണക്കാടെത്തി സാദിഖലി തങ്ങളെ കാണുന്നുണ്ട്.