വീട്ടുവളപ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു
40 ലക്ഷത്തോളം രൂപ വിലവരുന്ന വാഹനങ്ങളാണ് കത്തിയത്
തൃശൂര്‍: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുകടവ് പള്ളിബസാറില്‍ വീട്ടുവളപ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കെ എല്‍ 64 എഫ് 6362 ജീപ്പ് കോംപസ് കാര്‍, കെ എല്‍ 64 എഫ് 4488 ബെന്‍ലി ബൈക്ക്, കെ എല്‍ 64 ബി 2864 ഡിയോ ഹോണ്ട സ്‌കൂട്ടര്‍ എന്നിവക്കാണ് തീയിട്ടത്. മുളങ്ങത്ത് ഷാഹുല്‍ ഹമീദിന്റെ(അമീറലി) പുരയിടത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. രണ്ട് ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും കാര്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. 40 ലക്ഷത്തോളം രൂപ വിലവരുന്ന വാഹനങ്ങളാണ് കത്തിയത്. കഴിഞ്ഞ പുലര്‍ച്ചെ 3.30 ഓടെ കിടപ്പുമുറിയിലെ ജനലിലൂടെ ശക്തമായ വെളിച്ചം കണ്ട് വാതില്‍ തുറന്നപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടതെന്ന് ഷാഹുല്‍ ഹമീദ് പറയുന്നു. ഉടന്‍ വെള്ളം പമ്പ് ചെയ്ത് തീയണച്ചതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. വാഹനങ്ങളില്‍ പെട്രോളൊഴിച്ച ശേഷം മുറ്റത്ത് വിരിച്ചിരുന്ന മെറ്റലില്‍ പെട്രോളൊഴിച്ചാണ് തീ പടര്‍ത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഷെഢില്‍ കത്തിയ കാറിന് രണ്ടടിയോളം അടുത്തായി എയര്‍ കണ്ടീഷണറുണ്ട്. ഇതിനടുത്തായുള്ള അടുക്കളയില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകളുമുണ്ട്. വലിയ ദുരന്തമാണ് തീവച്ചവര്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന സംശയമുണ്ട്. ഷെഢിനടുത്തായുള്ള തെങ്ങും ജാതി മരവും ഭാഗികമായി കത്തിയിട്ടുണ്ട്.
തൃശൂര്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ഹണിയുമായി സിവില്‍ പോലിസ് ഓഫിസര്‍ എം എഫ് റിജേഷും രാഗേഷും എത്തിയെങ്കിലും ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനാവാതെ മടങ്ങിപ്പോയി. നാട്ടുകാരില്‍ പലവിധ സംശയങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഇവിടെ നിന്നു ഒരു കിലോമീറ്ററലെയുള്ള മറ്റത്തിക്കോട്ട ഹമീദിന്റെ ബൊലേറോ വാഹനത്തിന്റെ ഗ്ലാസുകളെല്ലാം അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന്റെ റോഡരികിലുള്ളതും പള്ളിക്കകത്തുമുള്ള രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണാപഹരണം നടത്തിയിരുന്നു. വുളൂഅ് എടുക്കുന്നയിടത്തുള്ള ഭണ്ഡാരം കുത്തിത്തുറക്കുന്നതിന് മുമ്പ് ശബ്ദംകേട്ട് ആരും വരാതിരിക്കാനായി പള്ളിക്കകത്തേക്കുള്ള വാതില്‍ പുറത്ത് നിന്നു കുറ്റിയിട്ടിരുന്നു.