''മുസ്‌ലിം ലീഗുകാര്‍ വര്‍ഗീയവാദികള്‍;മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവും ലഭിച്ചില്ല'' വെള്ളാപ്പള്ളി നടേശന്‍

Update: 2025-04-06 07:00 GMT
മുസ്‌ലിം ലീഗുകാര്‍ വര്‍ഗീയവാദികള്‍;മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവും ലഭിച്ചില്ല വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നിലമ്പൂരിലെ വിദ്വേഷപ്രസംഗത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍. ഹിന്ദുക്കളും മുസ്‌ലിംകളും സമാസമമുള്ള നിലമ്പൂരില്‍ നിന്നാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഈഴവര്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറിയെന്ന പദവിയില്‍ ഇരുന്നു പറഞ്ഞത്. പിന്നാക്ക സമുദായ മുന്നണി, സംവരണ സമുദായ മുന്നണി എന്നൊക്കെ പറഞ്ഞ് മുസ്‌ലിം ലീഗുമായി ചേര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ പണ്ട് നടത്തിയിട്ടുണ്ട്. കുറെ പണവും അതിനായി ചെലവായി.

യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ഈഴവ സമുദായത്തിനുള്ള കുറവുകള്‍ പരിഹരിക്കുമെന്ന് അവര്‍ വാഗ്ദാനം നല്‍കി. യുഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവരുടെ പിന്നാലെ നടന്നു. അധികാരത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോവുന്ന സമയത്ത് പോലും സ്ഥാപനങ്ങള്‍ അനുവദിച്ചില്ല. മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് പതിനൊന്ന് എയ്ഡഡ് കോളജുകള്‍ ഉണ്ട്. ലീഗിലെ സമ്പന്നരായ ചിലരുടെ ഉടമസ്ഥതയിലാണ് അവയുള്ളത്. ഞാനൊരു മുസ്‌ലിം വിരോധിയല്ല. ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ലീഗുകാര്‍ ശ്രമിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപി ശക്തമായി എതിര്‍ത്തു. 12ഓളം ഈഴവ വോട്ടുകള്‍ നല്‍കിയാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ റഹീമിനെ അംഗമാക്കിയത്. പക്ഷേ, ലീഗ് കൊണ്ടുനടന്നു ചതിക്കുകയാണ് ചെയ്തത്.

അവര്‍ ഈഴവരെ അവഹേളിച്ചു. സാമൂഹിക നീതി തന്നില്ല. മുസ്‌ലിംകളുടെ ആധിപത്യമുള്ള സ്ഥലമല്ല മലപ്പുറം. അവര്‍ ജനസംഖ്യയില്‍ 56 ശതമാനം മാത്രമേയുള്ളൂ. മുസ് ലിം ലീഗ് മതേതരവാദികളല്ല. അവര്‍ ഈഴവസമുദായത്തെ കൊണ്ടുനടന്നു ചതിച്ചു. യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ ലീഗുകാരാണ്. തങ്ങള്‍ക്കെതിരെ പറയുന്ന മുസ്‌ലിംകളെ പോലും വെറുതെവിടാത്തവരാണ് അവര്‍. മതേതരം പറയുന്ന ലീഗുകാര്‍ ഹിന്ദുവായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടോ ?. ലീഗ് പറയുന്നത് കേള്‍ക്കാത്തതാണ് ഇപ്പോള്‍ എനിക്കെതിരെ ആക്രമണം നടക്കാന്‍ കാരണം. ഞാന്‍ മതേതരവാദിയാണെന്നാണ് ആദ്യകാലത്ത് പറഞ്ഞിരുന്നത്. ഇപ്പോള്‍ വര്‍ഗീയവാദിയായി. മലപ്പുറത്ത് സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും സാമ്പത്തിക നീതിയുമില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ തെളിയിക്കൂ. ഗോകുലന്‍ ഗോപാലനെ രക്ഷിക്കാന്‍ തന്നെ വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Similar News