
കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പായേക്കും. ഫിലിം ചേംപറിനും ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിനുമാണ് വിന്‍സി പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗത്തില്‍ ഷൈന്‍ ടോം ചാക്കോ വിന്‍സിയോട് ക്ഷമചോദിച്ചു. ഇനി ആരോടും മോശമായി പെരുമാറില്ലെന്ന് വാക്കും നല്‍കി.
താന്‍ നല്‍കിയ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതില്‍ യോഗത്തില്‍ വിന്‍സി അതൃപ്തി പ്രകടിപ്പിച്ചു. പരാതിയുമായി പോലിസില്‍ പോവാന്‍ താല്‍പര്യമില്ലെന്നും ആന്തരികമായി തന്നെ തീര്‍ക്കാനാണ് താല്‍പര്യമെന്നും അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, വിന്‍സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും കമ്മിറ്റി കേട്ടു. താന്‍ മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു. ഇനി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്ന് വിന്‍സി പറഞ്ഞിട്ടുണ്ട്.