കാളികാവ്: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനു മൂന്ന് രോഗികള്‍ക്കെതിരേ കേസെടുത്തു. കാളികാവ് അല്‍ സഫ കൊവിഡ് ആശുപതിയിലെ മൂന്ന് രോഗികള്‍ക്കെതിരേയാണ് കാളികാവ് പോലിസ് കേസെടുത്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ കര്‍ശന നിബന്ധന പാലിക്കുന്നതിനിടെ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശം പാലിക്കുന്നില്ലെന്നായിരുന്നു പരാതി. മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും മൂന്നുപേര്‍ കൂട്ടാക്കിയില്ല എന്നതാണ് പ്രധാന കുറ്റം. ശനിയാഴ്ചയാണ് കേസെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു കാളികാവ് ആശുപത്രിയിലേക്ക് കൊണ്ടുവന്നവരായിരുന്നു മൂന്നുപേരും. ഇതിന്റെ പേരില്‍ ഇവരെ വീണ്ടും മഞ്ചേരിയിലേക്കു തന്നെ മാറ്റി.
മാസ്‌ക് ധരിക്കാതെ സംസാരിക്കാനെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ കുട്ടാക്കിയില്ലെന്നാണ് പരാതി. രണ്ടുദിവസം മുമ്പ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കൊവിഡ് രോഗികള്‍ക്കു നല്‍കാനുള്ള ഭക്ഷണത്തിന്റെ മെനു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. മുന്തിരി ഒഴിച്ചുള്ള പഴവര്‍ഗങ്ങള്‍ മാത്രമേ രോഗികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണത്തില്‍ ബീഫും മറ്റു ഫ്രൈ ഐറ്റംസും ഉണ്ടായിരുന്നതിനാലാന്ന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്.