വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം; മുഖ്യമന്ത്രി സമരക്കാരെ ആക്ഷേപിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതി ലത്തീന്‍ അതിരൂപതാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. നാലാംവട്ട ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിയുന്നത്. സമരവുമായി മുന്നോട്ടുപോവുമെന്നും സമരം സംസ്ഥാന വ്യാപകമാക്കുമെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേര വ്യക്തമാക്കി.
തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യാപകമാക്കും. ഉറപ്പ് നല്‍കുന്നതല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നില്ല. വിഴിഞ്ഞത്ത് റിലേ ഉപവാസം തുടരും. മുഖ്യമന്ത്രിയുടേത് സമരക്കാരെ ആക്ഷേപിക്കുന്ന പ്രതികരണമെന്നും യൂജിന്‍ പെരേര വ്യക്തമാക്കി. അതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ സമരം തുടരുന്നത് ശരിയല്ല. മുഖ്യമന്ത്രി ആരെയും ആക്ഷേപിച്ചിട്ടില്ല. സമരം എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ ലത്തീന്‍ അതിരൂപതയുടെ സമരം കൂടുതല്‍ രൂക്ഷമാവുകയാണ്. മുല്ലൂരിലെ തുറമുഖ കവാടത്തിന് മുന്നിലും ബിഷപ്പുമാര്‍ ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ബിഷപ്പ് ഡോ. സൂസെപാക്യം, സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് എന്നിവരടക്കം ആറുപേരാണ് ആദ്യദിനം ഉപവാസ സമരമിരുന്നത്. ഒരുഘട്ടത്തിലും ലത്തീന്‍ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ലെന്ന് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. പാളയം ഇമാം വി പി സുഹൈബ് മൗലവി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരിയിലും ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ഡോ തോമസ് തറയിലും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് ചിലര്‍ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്തിരുന്ന് താന്‍ മറുപടി പറയുന്നില്ല.
കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്നാണ്. സര്‍ക്കാരിനു നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. എങ്കിലും ചിലര്‍ എതിര്‍ക്കും. എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. ഈ ചടങ്ങിലേക്ക് മല്‍സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പറ്റിക്കലാണെന്ന സന്ദേശമാണ് ഒരാള്‍ പ്രചരിപ്പിച്ചത്. ആരും ചടങ്ങില്‍ പങ്കെടുക്കരുതെന്നും നമ്മളില്‍ ഒരാളും സഹായം വാങ്ങരുതെന്നും പ്രചരിപ്പിച്ചു. ഇത് വന്‍ ചതിയാണെന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവര്‍ക്കേ അത് പറയാനാവൂ. ചതി തങ്ങളുടെ അജണ്ടയല്ലെന്നും ഇത്തരം പൊള്ളത്തരങ്ങളില്‍ ബലിയാടാവരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.