നിരക്കുകള്‍ കുത്തനെ കൂട്ടി മൊബൈല്‍ കമ്പനികള്‍; 42 ശതമാനം വരെ വര്‍ധന, പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍
ഐഡിയ വൊഡഫോണ്‍ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ 42 ശതമാനം നിരക്കാണ് വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
മുംബൈ: രാജ്യത്ത് മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്ക് കുത്തനെ ഉയര്‍ത്തി മൊബൈല്‍ കമ്പനികള്‍. ഐഡിയ വൊഡഫോണ്‍ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഭാരതി എയര്‍ടെലും നിരക്ക് വര്‍ധനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഐഡിയ വൊഡഫോണ്‍ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ 42 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
കഴിഞ്ഞപാദത്തില്‍ 52,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും.
രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള വിവിധ പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. മറ്റൊരു കമ്പനിയായ ഭാരതി എയര്‍ടെലും പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെ വര്‍ധനവുണ്ട്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും.
നഷ്ടം കണക്കിലെടുത്ത് വൊഡാഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെല്ലിനും പുറമെ റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.