വോട്ടെണ്ണല്‍ 8 മണിക്ക്; വിവിപാറ്റ് ഒത്തുനോക്കുന്നത് ഫലം വൈകാനിടയാക്കും

കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യഫലസൂചനകള്‍ 11 മണിയോടെ അറിയാം.

Update: 2019-05-23 00:55 GMT

ന്യൂഡല്‍ഹി: ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്ന് ഇന്നറിയാം. 543 മണ്ഡലങ്ങളില്‍ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് അനധികൃതമായി പണം പിടികൂടിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.

കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യഫലസൂചനകള്‍ 11 മണിയോടെ അറിയാം. പക്ഷേ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചോ തോറ്റോ എന്ന പ്രഖ്യാപിക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും. വൈകിട്ടോടെ മാത്രമേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഈ നടപടി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഫലമറിയുന്നതും വൈകും.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 543 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തിലാണ് ആദ്യ പരീക്ഷണമായി വിവിപാറ്റുകള്‍ ഉപയോഗിച്ചത്. പക്ഷേ, അത് വോട്ടുമായി ഒത്തു നോക്കിയിരുന്നില്ല. ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ റിട്ടേണിങ് ഓഫിസറും ഡപ്യൂട്ടി ഉദ്യോഗസ്ഥനും നേരിട്ട് വിവിപാറ്റ് എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കണം. ഇതുകൊണ്ടുതന്നെ വോട്ടെണ്ണല്‍ പ്രക്രിയ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീളും. ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകും.

ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വച്ചെങ്കിലും തള്ളിയിരുന്നു. ഇവിഎമ്മുകളിലെ ഫലം വന്ന ശേഷം, വിവിപാറ്റുകളുള്ള മണ്ഡലങ്ങളില്‍ അവയും എണ്ണും. പൊരുത്തക്കേട് വന്നാല്‍ വിവിപാറ്റ് രസീതുകളുടെ എണ്ണമാകും അന്തിമം. സുതാര്യത ഉറപ്പാക്കാന്‍ ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് ആ കണക്കുകള്‍ സുവിധ എന്ന ആപ്ലിക്കേഷനില്‍ ചേര്‍ത്ത ശേഷമേ, അടുത്ത റൗണ്ട് എണ്ണാവൂ. ഓരോ റൗണ്ടിലെയും ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനില്‍ ചേര്‍ക്കണമെന്നതും നിര്‍ബന്ധമാണ്.

67.11 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനത്തിലെ ദേശീയ ശരാശരി. 90.99 കോടി വോട്ടര്‍മാരാണ് ആകെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു ഇത്.


Tags:    

Similar News