
അമൃത്സര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് ശേഷം സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ നിരവധി കുടുംബങ്ങളെ വേര്‍പിരിച്ചതായി റിപോര്‍ട്ട്. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴി നിരവധി പൗകിസ്താന്‍ പൗരന്‍മാരാണ് തിരികെ പോയി കൊണ്ടിരിക്കുന്നത്. ബിസിനസ്, സിനിമ, മാധ്യമപ്രവര്‍ത്തനം, ട്രാന്‍സിറ്റ്, കോണ്‍ഫറന്‍സ്, പര്‍വതാരോഹണം, പഠനം, വിസിറ്റര്‍, ഗ്രൂപ്പ് ടൂറിസ്റ്റ്, തീര്‍ത്ഥാടനം തുടങ്ങിയ 12 തരം വിസകളിലുള്ളവര്‍ ഞായറാഴ്ച്ചയോടെ രാജ്യം വിടണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലംഘിച്ച് ഇന്ത്യയില്‍ തുടരുന്നവര്‍ക്കെതിരെ 2025ലെ ഫോറിനേഴ്‌സ് നിയമം പ്രകാരം നടപടി സ്വീകരിക്കും.
VIDEO FROM ANI
Full View
പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബോര്‍ഡര്‍ പോസ്റ്റിന് സമീപം നിരവധി വാഹനങ്ങളാണ് എത്തിയിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താനില്‍ പോവുന്ന കുടുംബക്കാരെ യാത്രയയക്കാന്‍ എത്തിയവരാണ് ഭൂരിഭാഗവും. ഏകദേശം 272 പാകിസ്താന്‍ പൗരന്‍മാര്‍ അവിടേക്ക് പോയി. ഏകദേശം 629 ഇന്ത്യക്കാര്‍ തിരികെയുമെത്തി.

ഇനിയൊരിക്കലും പരസ്പരം നേരില്‍ കാണാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്ത വേര്‍പിരിയലാണ് നടന്നു കൊണ്ടിരിക്കുന്നത്.ഭര്‍ത്താവിന്റെ പൗരത്വത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന സംഭവങ്ങളുമുണ്ടായിട്ടുള്ളതിനാല്‍ നിരവധി സ്ത്രീകള്‍ക്ക് കുട്ടികളെ നഷ്ടമായതായും റിപോര്‍ട്ടുകള്‍ പറയുന്നു.
''എന്റെ അമ്മ ഇന്ത്യക്കാരിയാണ്, പാകിസ്താനിലേക്ക് ഞങ്ങളോടൊപ്പം പോകാന്‍ അമ്മയെ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല. അമ്മയെ രാജ്യത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. എന്റെ മാതാപിതാക്കള്‍ 1991ല്‍ വിവാഹിതരായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവരെ രാജ്യത്ത് കടത്തില്ലെന്നാണ് അവരുടെ നിലപാട്.''-പാകിസ്താന്‍ പൗരയായ സരിത പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. സരിതയുടെ പിതാവിനും സഹോദരനും പാകിസ്താന്‍ പൗരത്വമാണുള്ളത്.
രാജ്യം വിട്ടുപോവേണ്ടവരില്‍ 11 വയസ്സുള്ള പാകിസ്താന്‍ പൗരയായ സൈനബ് എന്ന പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. 'എന്റെ ഉമ്മയെ പിന്നില്‍ ഉപേക്ഷിച്ച് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു''-സൈനബ് പറഞ്ഞു.
ഹ്രസ്വകാല വിസയില്‍ പാകിസ്താനില്‍ നിന്നെത്തിയ തന്റെ ബന്ധുക്കള്‍ രാജ്യം വിട്ടുപോവുകയാണെന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ സ്വദേശിയായ ഒരാള്‍ പറഞ്ഞു. ''45 ദിവസത്തെ വിസയില്‍ ഏപ്രില്‍ 15നാണ് പാകിസ്താനിലെ അമര്‍കോട്ടില്‍ നിന്നും അവര്‍ എത്തിയത്. സാഹചര്യം ഇങ്ങനെ മാറുമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ബന്ധുക്കളെയെല്ലാം കാണാതെയാണ് അവര്‍ തിരികെ പോവുന്നത്.''-അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ പെഷവാറില്‍ നിന്നുള്ള ജനംരാജ് എന്ന എഴുപതുകാരന്‍ ആദ്യമായാണ് ബന്ധുക്കളെ കാണാന്‍ ഇന്ത്യയിലെത്തിയത്. ജനം രാജും മടങ്ങുകയാണ്. സാധാരണക്കാരായ തങ്ങളാണ് ബുദ്ധിമുട്ടുന്നതെന്ന് പാകിസ്താനിലെ ഖൈബര്‍പക്തൂണ്‍ പ്രവിശ്യയില്‍ നിന്നുള്ള ഗുര്‍ബക്ഷ് സിംഗ് പറഞ്ഞു. ''എന്റെ കുടുംബത്തിലെ അംഗങ്ങളില്‍ പകുതിയും ഇന്ത്യയിലാണ്.''-അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയായ സന എന്ന യുവതിയെ അതിര്‍ത്തിയില്‍ പാക് സൈന്യം തടഞ്ഞു.
ഇവരുടെ ഭര്‍ത്താവ് ഡോ.ബിലാല്‍ പാകിസ്താനിലെ കറാച്ചി സ്വദേശിയാണ്. 2020ലാണ് ഇവര്‍ വിവാഹിതരായത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളതിനാലാണ് സനയെ തടഞ്ഞത്. എന്നാല്‍, സനയുടെ ഒന്നും മൂന്നും വയസുള്ള കുട്ടികള്‍ പാകിസ്താന്‍ പൗരന്‍മാരാണ്. ഇവര്‍ക്ക് വേണമെങ്കില്‍ പാകിസ്താനില്‍ കടക്കാമെന്നാണ് പാക് സൈന്യം പറഞ്ഞത്. കുട്ടികള്‍ക്ക് ഇന്ത്യയില്‍ തുടരാനും സനയ്ക്ക് പാകിസ്താനില്‍ പോവാനും കഴിയാത്ത സ്ഥിതിയാണുള്ളത്.