വഖ്ഫ് ബില്ലിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കും: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

Update: 2025-04-05 15:43 GMT
വഖ്ഫ് ബില്ലിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കും: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള വഖ്ഫ് ബില്ലിനുള്ള പിന്തുണ രാഷ്ട്രീയ പാര്‍ട്ടികളുടെ മതേതര മുഖംമൂടി തുറന്നുകാട്ടിയെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. പാര്‍ലമെന്റ് പാസാക്കിയ ബില്ല് ഇസ്‌ലാമിനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും ശരീഅത്തിനും മത, സാംസ്‌കാരിക അവകാശങ്ങള്‍ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭരണഘടനയുടെ അടിത്തറയ്ക്കും എതിരായ ഗുരുതരമായ ആക്രമണമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. ബിജെപിയുടെ വര്‍ഗീയ അജണ്ഡക്ക് പിന്തുണ നല്‍കിയതിലൂടെ ചില പാര്‍ട്ടികളുടെ മതേതര മൂഖംമൂടി അഴിഞ്ഞുവീണു. ഭേദഗതികള്‍ പിന്‍വലിക്കുന്നതു വരെ വിവിധ മത-സാമുദായിക-സാമൂഹിക സംഘടനകളുമായി സഹകരിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

സംസ്ഥാന തലസ്ഥാനങ്ങളിലും മുസ്‌ലിം നേതൃത്വം പ്രതിഷേധിച്ച് അറസ്റ്റ് വരിക്കും. ജില്ലാ തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഈ പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലാ മജിസ്‌ട്രേറ്റുമാരും കലക്ടര്‍മാരും വഴി രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കും. മുസ്‌ലിം സമുദായം, പ്രത്യേകിച്ച് യുവാക്കള്‍ ക്ഷമയും സംയമനവും പാലിച്ച് നിലപാടുകളില്‍ ഉറച്ചുനില്‍ക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. വിഭാഗീയതയ്ക്കും ശിഥിലീകരണത്തിനും കാരണമായേക്കാവുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് അഭ്യര്‍ത്ഥന.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, മലപ്പുറം, പറ്റ്‌ന, റാഞ്ചി, മലേര്‍കോട്‌ല, ലഖ്‌നൗ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പ്രചാരണം ആരംഭിക്കുക. ആദ്യ ഘട്ടത്തിന് കീഴിലുള്ള ഈ പരിപാടികളെല്ലാം ബലി പെരുന്നാള്‍ വരെ തുടരും. അടുത്ത ഘട്ടം പിന്നീട് തീരുമാനിക്കും.

Similar News