''ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക് മാത്രം ബാധകം'': കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2025-04-25 16:02 GMT
ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക് മാത്രം ബാധകം: കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: 2025 ഏപ്രില്‍ എട്ടുവരെ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രമേ ഉപയോഗം വഴിയുള്ള വഖ്ഫ് എന്ന വ്യവസ്ഥ ബാധകമാവൂയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ അങ്ങനെയുള്ള സ്വത്തുക്കള്‍ക്ക് രേഖകള്‍ ഹാജരാക്കേണ്ടതില്ല. വഖ്ഫ് ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത ഏപ്രില്‍ എട്ടിന് മുമ്പ് അവ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നത് മാത്രമാണ് വ്യവസ്ഥ. വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. 1923ലെ മുസല്‍മാന്‍ വഖ്ഫ് ആക്ടില്‍ അങ്ങനെ വ്യവസ്ഥയുണ്ട്. 1954ലെയും 1995ലെയും നിയമങ്ങളില്‍ സമാനമായ വ്യവസ്ഥകളുണ്ട്. ഉപയോഗം വഴി വഖ്ഫ് ആണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും സ്വത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം പറയുന്നു.

വഖ്ഫ് ബോര്‍ഡുകള്‍ മതനിരപേക്ഷ സ്ഥാപനങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നുണ്ട്. വഖ്ഫ് ബോര്‍ഡ് മുസ്‌ലിംകളുടെ ബോര്‍ഡല്ല. വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒരു മതത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് ഒരു സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ 26ാം അനുഛേദം നല്‍കുന്നില്ല. അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുന്നത് ബോര്‍ഡുകളില്‍ മുസ്‌ലിംകളെ ന്യൂനപക്ഷമാക്കില്ലെന്നും കേന്ദ്രം വാദിച്ചു.

''വഖ്ഫ് ബോര്‍ഡുകളും ഹിന്ദു മത സ്വത്തുകള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും കേന്ദ്രം വാദിക്കുന്നു. ''ഹിന്ദുമത എന്‍ഡോവ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വഖ്ഫ് വിശാലവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ആശയമാണ്. പലസംസ്ഥാനങ്ങളിലും ഹിന്ദു മത എന്‍ഡോവ്‌മെന്റുകള്‍ കൈകാര്യം ചെയ്യാന്‍ നിയമങ്ങളില്ല. പല സംസ്ഥാനങ്ങളിലും ട്രസ്റ്റുകള്‍ക്ക് ബാധകമായ നിയമങ്ങളാണ് ഉപയോഗിക്കുന്നത്. ഇതരമതസ്ഥരുടെ സ്വത്തുക്കളില്‍ വഖ്ഫ് ബോര്‍ഡിന് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ ബോര്‍ഡില്‍ ഇതരമതസ്ഥരാവാം.''

സര്‍ക്കാര്‍ ഭൂമികളും സ്വകാര്യ ഭൂമികളും വഖ്ഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതിന് 'ഞെട്ടിപ്പിക്കുന്ന ഉദാഹരണങ്ങള്‍' ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. സര്‍ക്കാര്‍ ഭൂമി പൊതുഭൂമിയായതിനാല്‍ അത് സംരക്ഷിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. മുസ്‌ലിം സമുദായ അംഗം രൂപീകരിക്കുന്ന ട്രസ്റ്റുകള്‍ വഖ്ഫ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന 2എ വകുപ്പിനെയും കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നുണ്ട്. മതേതരമായി സ്വത്ത് കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുമെന്നാണ് ന്യായീകരണം.

Similar News